തൃശൂർ കോർപറേഷൻ: മേയർവിഷയത്തിൽ ഇനി സംസ്ഥാനതല ഇടപെടൽ
1436482
Tuesday, July 16, 2024 1:23 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ മേയർ എം.കെ. വർഗീസിനെ മാറ്റണമെന്ന സിപിഐ ആവശ്യത്തിൽ സംസ്ഥാനനേതാക്കൾ ഇടപെടും. ജില്ലാതലത്തിൽ അനൗദ്യോഗികചർച്ചകൾ നടന്നെങ്കിലും പരിഹാരമുണ്ടാകാത്തതോടെയാണ് സംസ്ഥാനനേതാക്കൾ ഇടപെടുന്നത്. തദ്ദേശതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലും ഇപ്പോഴത്തെ മനംമാറ്റത്തിനു പിന്നിലുണ്ടെന്നാണു വിവരം.
സംസ്ഥാനത്തെ മറ്റു തദ്ദേശസ്ഥാപനങ്ങളിൽ ഇല്ലാത്ത പ്രശ്നമാണു വി.എസ്. സുനിൽകുമാറിന്റെ തോൽവിക്കു പിന്നാലെ തൃശൂർ കോർപറേഷനിൽ ഉടലെടുത്തത്. സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരേ ജില്ലാ കൗണ്‍സിലുകളിൽ സിപിഐ വിമർശനങ്ങൾ ഉയർത്തിയെങ്കിലും പരസ്യമായ നിലപാടിലേക്കു കടന്നിരുന്നില്ല. ഈ സാഹചര്യത്തിൽ സിപിഐയെ അനുനയിപ്പിക്കുകയെന്നതാണു സിപിഎമ്മിന്റെ മുന്നിലുള്ള മാർഗം.
തൃശൂർ ജില്ലാ സെക്രട്ടറിതലത്തിൽ അനൗദ്യോഗികചർച്ചകൾ നടത്തിയെങ്കിലും എൽഡിഎഫ് യോഗത്തിനുശേഷം അന്തിമതീരുമാനമെടുക്കാനാണു സിപിഐയുടെ തീരുമാനം. കൗണ്‍സിൽ വിളിച്ചാൽ ബഹിഷ്കരിക്കില്ലെന്നും ജില്ലാ നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. മുന്‍പ് മേയർ വിളിച്ച അടിയന്തര കൗണ്‍സിൽ ബഹിഷ്കരിച്ചിട്ടില്ലെന്നും ജില്ലാ നേതാക്കൾ പറഞ്ഞു.
മുന്നണിയിലുണ്ടായ പ്രതിസന്ധി നീട്ടിക്കൊണ്ടുപോകാതെ എത്രയും വേഗം പരിഹരിക്കാനാണു സിപിഎം ജില്ലാ സെക്രട്ടറിക്കു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നൽകിയ നിർദേശം. ഞായറാഴ്ച ഇരു ജില്ലാനേതാക്കളും നടത്തിയ ചർച്ചയിൽ പരിഹാരമായിട്ടില്ലെങ്കിലും പ്രശ്നപരിഹാരത്തിനു ധാരണയിലെത്തിയെന്ന സൂചനയുണ്ട്. തെരഞ്ഞെടുപ്പുതോൽവി ഏതെങ്കിലും വ്യക്തിയുടെ വീഴ്ചയെന്ന നിലയിൽ കാണേണ്ടതില്ലെന്ന നിലപാടാണ് സിപിഎമ്മിലെ ഒരു വിഭാഗത്തിനുള്ളത്. വി.എസ്. സുനിൽകുമാറിന്റെ സ്വന്തം പഞ്ചായത്തിലെ തിരിച്ചടിയും ബിജെപി നേട്ടമുണ്ടാക്കിയതും പരിശോധിക്കണമെന്ന നിലപാടും ഇവർ മുന്നോട്ടുവയ്ക്കുന്നു. എന്നാൽ, തോൽവിയുടെ കാരണങ്ങളിലൊന്നായി എം.കെ. വർഗീസിന്റെ നിലപാട് മാറിയിട്ടുണ്ടെന്നു സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.
പ്രശ്നത്തിൽ പരിഹാരമില്ലാതെ മുന്നോട്ടുപോകുന്നതു വരാനിരിക്കുന്ന പഞ്ചായത്തു തെരഞ്ഞെടുപ്പിലും തിരിച്ചടിയാകുമെന്ന വിലയിരുത്തൽ ഇരുമുന്നണിക്കുമുണ്ട്. മേയർ- സുരേഷ് ഗോപി ബന്ധത്തിനു പുറമേ കോർപറേഷനിലെ നികുതിപ്രതിസന്ധി, വ്യാപാരികളുടെ ലൈസൻസ് പുതുക്കൽപ്രശ്നം, അമൃത് മാസ്റ്റർ പ്ലാനിനെതിരായ പ്രതിഷേധം എന്നിവ യുഡിഎഫും ഉയർത്തിക്കാട്ടും.
മേയർ രാജിവച്ചാൽ ഭരണം പിടിക്കാനുളള കണക്കുകൂട്ടലുമുണ്ട്. ഈ സാഹചര്യത്തിൽ സിപിഐയെയും ഉടക്കിനിൽക്കുന്ന സ്വതന്ത്രരെയും അനുനയിപ്പിക്കുകയല്ലാതെ സിപിഎമ്മിനു മുന്പിൽ മറ്റു വഴികളില്ലെന്നാണു വിലയിരുത്തൽ.