ചിത്രരചനയിലെ സന്തോഷം പങ്കുവച്ച് കുട്ടികളും അധ്യാപകരും
1436480
Tuesday, July 16, 2024 1:23 AM IST
തൃശൂർ: ചെറിയ മനസിലെ വലിയ ഭാവനകൾ. കുട്ടിവരകളിൽ നിറഞ്ഞ് നാടും നാടിന്റെ കലകളും. ചിത്രരചനയിലെ കൊച്ചുകൊച്ചുസന്തോഷങ്ങളുമായി കുട്ടികളും അധ്യാപകരും ഒത്തുചേർന്നതോടെ തൃശൂരിൽ ഒരുങ്ങിയതു കലാവൈഭവമുള്ള പുതുതലമുറയുടെ ഗ്രാമീണ കാഴ്ചകൾ.
പുറനാട്ടുകര, രാമവർമപുരം കേന്ദ്രീയവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ നേതൃത്വത്തിൽ ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ഒരുക്കിയ ചിത്രപ്രദർശനം "ബ്ലൂംസ് ആൻഡ് ബ്ലിസ്' ശ്രദ്ധേയമാകുന്നു. പഴയകാലത്തിന്റെ സൗന്ദര്യം തുളുമ്പുന്ന ഗ്രാമീണ കാഴ്ചകളും കാടും കാട്ടരുവിയും അടക്കം പ്രകൃതിയുടെ വർണവൈവിധ്യങ്ങളും ഉൾപ്പെടെ നയനമനോഹര കാഴ്ചകൾ ഒരുക്കിയാണ് വിദ്യാർഥികൾ തങ്ങളുടെ ആദ്യത്തെ ആർട്ട് ഗാലറി പ്രദർശനം ഒരുക്കിയത്.
പുറനാട്ടുകര കേന്ദ്രീയവിദ്യാലയത്തിലെ കലാധ്യാപിക വിജിനി ജോസഫിന്റെയും രാമവർമപുരം കേന്ദ്രീയവിദ്യാലയത്തിലെ കലാധ്യാപകൻ രാമദാസിന്റെയും നേതൃത്വത്തിലാണ് 36 കുട്ടികളുടെ 65 ചിത്രങ്ങൾ പ്രദർശനത്തിനായി ഒരുക്കിയത്. വാട്ടർകളർ, അക്രിലിക്, പെൻസിൽ, പേന മാധ്യമങ്ങളിലൂടെയാണ് ഓരോ ചിത്രങ്ങൾക്കും നിറം പകർന്നിരിക്കുന്നത്.
വലിയ കാൻവാസിൽ ആർട്ട് ഗാലറിയിൽ ചിത്രം പ്രദർശിപ്പിക്കാൻ കഴിഞ്ഞ സന്തോഷം കുട്ടികളും പങ്കുവച്ചു. രാവിലെ 11 മുതൽ രാത്രി ഏഴുവരെ നടക്കുന്ന പ്രദർശനം നാളെ സമാപിക്കും.