ഠാണ - ചന്തക്കുന്ന് ജംഗ്ഷന് വികസനപ്രവര്‍ത്തനങ്ങൾ ആരംഭിച്ചു
1436471
Tuesday, July 16, 2024 12:19 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയുടെ ചിരകാലസ്വപ്നമായിരുന്ന ഠാണ - ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനു തുടക്കംകുറിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭൂമിയും കെട്ടിടങ്ങളും സ്ഥാപനങ്ങളും ജീവനോപാധിയും നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പൂര്‍ത്തീകരിച്ചാണു നിര്മാണപ്രവൃത്തികളിലേക്കു കടന്നത്. ഠാണാവിലുള്ള ബിഎസ്എന്‍എല്‍ ഓഫീസ് പരിസരത്തുനിന്നാണു നിര്‍മാണപ്രവൃത്തികള്‍ ആരംഭിച്ചത്. മന്ത്രി ഡോ. ആര്. ബിന്ദു ഫ്ലാഗ്ഓഫ് ചെയ്തതോടെ യന്ത്രസഹായത്താല്‍ ഏറ്റെടുത്ത ഭൂമിയിലെ നിര്‍മിതികള്‍ പൊളിച്ചുനീക്കിത്തുടങ്ങി.
ഇരിങ്ങാലക്കുട ടൗണിന്റെയും അനുബന്ധ പ്രദേശങ്ങളുടെയും വ്യാപാര വാണിജ്യ സാംസ്കാരിക മേഖലകളുടെ വളര്‍ച്ചക്ക് ആക്കംകൂട്ടുന്ന ജംഗ്ഷന് വികസനപദ്ധതി ഇരിങ്ങാലക്കുടയുടെ വികസനക്കുതിപ്പിലേക്ക് നയിക്കുമെന്നു കണ്ടറിഞ്ഞാണ് അതിദ്രുതം ഇതുവരേക്കുമുള്ള നടപടികള്‍ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു.
ബിഷപ് മാർ പോളി കണ്ണൂക്കാടന്‍, ഇമാം കബീര്‍ മൗലവി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, കത്തീഡ്രല്‍ വികാരി റവ. ഡോ. ലാസര്‍ കുറ്റിക്കാടന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ചിറ്റിലപ്പിള്ളി, കെ.ആര്. ജോജോ, കെ.എസ്. തമ്പി, ലിജി രതീഷ്, ബിന്ദു പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, എല്‍എ ജനറല്‍ തഹസില്‍ദാര്‍ പി. സുനില്‍ കുമാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു നിര്‍മാണം ആരംഭിച്ചത്. ഇന്നലെ കത്തീഡ്രല്‍ പള്ളിക്കു മുന്‍വശം മുതല്‍ ബിഎസ്എന്‍എല്‍ ഓഫീസ് വരെയുള്ള ഭാഗമാണു പൊളിച്ചുനീക്കിയത്.
ചന്തക്കുന്ന് മുതല്‍
പൂതംകുളം വരെയുള്ള
റോഡ് 17 മീറ്ററായി വികസിക്കും
മുകുന്ദപുരം താലൂക്കിലെ ഇരിങ്ങാലക്കുട, മനവലശേരി വില്ലേജുകളില്‍ ഉള്‍പ്പെട്ട 0.5512 ഹെക്ടര്‍ ഭൂമിയാണ് ഠാണ ചന്തക്കുന്ന് ജംഗ്ഷന് വികസനത്തിനായി പൊന്നുംവില നല്കി ഏറ്റെടുത്തത്. 40.76 കോടി രൂപയാണ് 133 പേര്‍ക്കായി വിതരണം ചെയ്തത് പദ്ധതി പ്രദേശത്തു വീടും സ്ഥലവും സ്ഥാപനങ്ങളും ജീവനോപാധിയും പൂര്‍ണമായി നഷ്ടപ്പെടുന്നവര്‍ക്കുള്ള പുനരധിവാസ പാക്കേജുകള്‍ പൂര്‍ത്തീകരിച്ചാണ് നിര്മാണാരംഭത്തിലേക്കു കടന്നത്. ഠാണ, ചന്തക്കുന്ന് ജംഗ്ഷനുകളുടെ മുഖഛായ മാറ്റല്‍ ലക്ഷ്യമിട്ടുകൊണ്ടാണ് കൊടുങ്ങല്ലൂര്‍ - ഷൊര്‍ണൂര്‍ റോഡില്‍ ചന്തക്കുന്ന് മുതല്‍ പൂതംകുളം വരെയുള്ള റോഡ് 17 മീറ്ററായി വികസിക്കുന്നത്. കെഎസ്ടിപിയുടെ ടേബിള്‍ ടോപ് രീതിയിലുള്ള റോഡാണ് നിര്‍മിക്കുക.
ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപീകരിക്കണം -
മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപീകരിക്കണമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ആവശ്യപ്പെട്ടു. ഠാണാ- ചന്തക്കുന്ന് വികസനത്തിന്റെ ഭാഗമായി സര്‍ക്കാര്‍ ഏറ്റടുത്ത സ്ഥലങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിക്കുമ്പോഴാണ് ബിഷപ്പ് ഇക്കാര്യം സൂചിപ്പിച്ചത്. ക്രൈസ്തവ സഭ എന്നും വികസനത്തോടൊപ്പമാണ്. നാടിന്റെ വികസനം ലക്ഷ്യയമാക്കിയാണ് സഭയുടെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍.സഭയുടെ പലതും വിട്ടു നല്‍കുന്നത് വകസനം മാത്രം ലക്ഷ്യമിട്ടാണ്. വികസനങ്ങള്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരിങ്ങാലക്കുട ആസ്ഥാനമായി ജില്ല രൂപികരിക്കണം.