തൊണ്ടിവാഹനങ്ങൾ വഴിയരികിൽ; പോലീസ് നടപടി പിഡബ്ല്യുഡി അനുമതി വാങ്ങാതെ
1436223
Monday, July 15, 2024 1:47 AM IST
തൃശൂർ: കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകൾക്കുമുന്പിൽ കേസിൽപ്പെട്ടു നശിക്കുന്ന വാഹനങ്ങൾ പാർക്ക് ചെയ്യാൻ പ്രത്യേകം സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി. വഴിയരികിൽ സാധാരണക്കാർ വാഹനങ്ങൾ പാർക്ക് ചെയ്യുന്പോൾ പിഴയീടാക്കുന്ന അധികൃതർ വർഷങ്ങളായി അസൗകര്യമുണ്ടാക്കുന്ന വാഹനങ്ങൾ മാറ്റാൻ നടപടിയെടുക്കുന്നില്ലെന്നും കെപിസിസി സെക്രട്ടറിയും പൊതുപ്രവർത്തകനുമായ അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇത്തരത്തിൽ പിഡബ്ല്യുഡി റോഡരികിൽ പാർക്ക് ചെയ്യാൻ പോലീസ് പൊതുമരാമത്തുവകുപ്പിൽനിന്ന് അനുമതി വാങ്ങിയിട്ടില്ല. പോലീസിന്റെ തൊണ്ടിമുതൽ സൂക്ഷിക്കേണ്ടതു വഴിയരികിലല്ലെന്നും സേനയുടെ കീഴിൽ അതാതു ജില്ലകളിൽ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ ഇതിനായി ഉപയോഗിക്കണമെന്നും മുഖ്യമന്ത്രിക്കു നൽകിയ പരാതിയിൽ പറയുന്നു.
തൃശൂർ ജില്ലയിൽ രാമവർമപുരത്തു വാഹനങ്ങൾ സൂക്ഷിക്കാൻ ഇടമുണ്ട്. മറ്റിടങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കണം. പോലീസ് സൂക്ഷിക്കുന്ന വാഹനങ്ങൾക്ക് ഈടാക്കുന്ന പാർക്കിംഗ് ഫീസ് ഉടമകളിൽനിന്നോ വാഹനങ്ങൾ ലേലത്തിൽ വിറ്റോ വസൂലാക്കാമെന്നും പരാതിയിൽ നിർദേശമുണ്ട്.
നിലവിൽ വാടാനപ്പിള്ളി പോലീസ് സ്റ്റേഷനിൽ 61 ബൈക്കുകളും എട്ട് ഓട്ടോയും 13 കാറുകളും 19 ലോറികളുമാണു സൂക്ഷിക്കുന്നത്. ഇതു പോലീസ് സ്റ്റേഷൻ കോന്പൗണ്ടിലും പെരിങ്ങോട്ടുകര ഔട്ട്പോസ്റ്റിലും റോഡിനു മുന്നിലുമാണ് പാർക്ക് ചെയ്തിരിക്കുന്നത്. ഈ വഴിയുള്ള യാത്രികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വഴിയരികിൽ പാർക്ക് ചെയ്യാൻ പോലീസ് അനുമതിയും നേടിയിട്ടില്ല. വാടാനപ്പിള്ളി, ചെറുതുരുത്തി, ഒല്ലൂർ, മണ്ണുത്തി, പീച്ചി എന്നിവിടങ്ങളിലെല്ലാം വാഹനങ്ങൾ വഴിയരികിലുണ്ട്. ഇതു സംബന്ധിച്ച് ഹൈക്കോടതിയിൽ പരാതി നൽകുമെന്നും അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് പറഞ്ഞു.