പാലയൂർ തർപ്പണ തിരുനാളിനു സമാപനം
1436218
Monday, July 15, 2024 1:47 AM IST
പാലയൂർ: മാർ തോമ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥകേന്ദ്രത്തിലെ മാർതോമാശ്ലീഹായുടെ തർപ്പണ തിരുനാൾ ഭക്തിനിർഭരമായ പ്രദക്ഷിണത്തോടെ സമാപിച്ചു. മാർ തോമാശ്ലീഹാ തളിയക്കുളത്തിൽ തർപ്പണാദ്ഭുതംചെയ്ത് ക്രിസ്തുമത വിശ്വാസത്തിന് ഇന്ത്യയിൽ തുടക്കംകുറിച്ചതിന്റെ ഓർമപുതുക്കലാണ് തിരുനാൾ.
രാവിലെ നടന്ന വിശുദ്ധ കുർബാനയ്ക്ക് ആർച്ച്പ്രീസ്റ്റ് റവ.ഡോ. ഡേവിസ് കണ്ണമ്പുഴ കാർമികത്വം വഹിച്ചു. ആഘോഷമായ തിരുനാൾ പാട്ടുകുർബാനയ്ക്ക് വികാരി ജനറാൾ മോൺ. ജോസ് കോനിക്കര മുഖ്യകാർമികനായിരുന്നു. മേരിമാതാ മേജർ സെമിനാരി റെക്ടർ റവ.ഡോ. സെബാസ്റ്റ്യൻ ചാലയ്ക്കൽ സന്ദേശം നൽകി. തീർഥകേന്ദ്രം സഹവികാരി ഫാ. ഡെറിൻ അരിമ്പൂർ സഹകാർമികനായി.
ഉച്ച കഴിഞ്ഞ് തളിയക്കുളക്കരയിൽ നടന്ന സമൂഹ മാമോദീസയ്ക്ക് സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ മുഖ്യകാർമികത്വം വഹിച്ചു. വിവിധ രൂപതകളിലെ ഇടവകകളിൽനിന്നായി പത്തു കുഞ്ഞുങ്ങൾ മാമോദീസ സ്വീകരിച്ചു. ഫാ. ജിനോ ഏറത്ത്, ഫാ. ഡെറിൻ അരിമ്പൂർ എന്നിവർ സഹകാർമികരായി. വൈകീട്ടുനടന്ന സമാപന ദിവ്യബലിക്ക് ഇടവകാംഗങ്ങളായ ഫാ. ജോൺ പോൾ ചെമ്മണ്ണൂർ, ഫാ. ഫ്രാൻസിസ് മുട്ടത്ത് എന്നിവർ കാർമികരായി.
ജൂതൻകുന്ന് കപ്പേളയിലേക്ക് തിരുനാൾപ്രദക്ഷണവും ഉണ്ടായിരുന്നു. തുടർന്ന് വർണമഴ, ജൂതൻ ബസാർ യൂത്തും മാൽബ്രോസ് ക്ലബ്ബും സംയുക്തമായി ഒരുക്കിയ, ന്യൂ സംഗീത് തിരൂർ, കാൽവരി ജോസ് കിംഗ്സ് എന്നിവർ ചേര്‍ന്ന് അവതരിപ്പിച്ച ബാൻഡ് - ശിങ്കാരി ഫ്യൂഷൻ എന്നിവ നടന്നു.
ആർച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ, ജോസ് വടുക്കൂട്ട്, തോമസ് വാകയിൽ, സി.ഡി. ജോസ്, സജി ജോൺ, ജിഷ സുരേഷ്, റെജി ജെയിംസ്, പ്രിൻസി തോമസ്, സൈജോ സൈമൺ, സി.എൽ. ജേക്കബ് തുടങ്ങിയവർ നേതൃത്വം നൽകി.