കോതപറമ്പിലെ ഗതാഗതനിയന്ത്രണത്തിൽ അശാസ്ത്രീയത, പരിശോധന നടത്തി
1429358
Saturday, June 15, 2024 1:31 AM IST
എസ്.എൻ. പുരം: കോതപറമ്പിലെ ഗതാഗതനിയന്ത്രണത്തിൽ അശാസ്ത്രീയതയെന്ന പരാതിയെത്തുടർന്ന് എംഎൽഎ സ്ഥലത്തെത്തി പരിശോധന നടത്തി. ദേശീയപാത 66-ന്റെ നിർമാണവുമായി ബന്ധപ്പെട്ട് ശ്രീനാരായണപുരം കോതപറമ്പ് സെന്ററിൽ ഏർപ്പെടുത്തിയ ഗതാഗതനിയന്ത്രണം ആശയക്കുഴപ്പവും അപകടങ്ങളും ഉണ്ടാക്കുന്നുവെന്ന നാട്ടുകാരുടെ പരാതി ശക്തമാണ്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇ.ടി. ടൈസൺ എംഎൽഎ എത്തിയത്. ഹൈവേയിലെ ദീർഘദൂര യാത്രക്കാർക്കും പ്രാദേശിക യാത്രക്കാർക്കും സുഗമമായി സഞ്ചരിക്കാവുന്ന വിധത്തിൽ ദിശാബോർഡുകൾ, കൂടുതൽ റിഫ്ലെക്ട് ലൈറ്റുകൾ എന്നിവ സ്ഥാപിക്കാനും, ശാസ്ത്രീയമായി വാഹനങ്ങളെ നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ അടിയന്തരമായി ഏർപ്പെടുത്താനും എംഎൽഎ ഹൈവേ നിർമാണ കമ്പനിക്ക് നിർദ്ദേശം നൽകി.
എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അജിതൻ, വൈസ് പ്രസിഡന്റ് സന്തോഷ് കോരുചാലിൽ, ശിവാലയ കമ്പനി ഉദ്യോഗസ്ഥൻ ഷിബു തുടങ്ങിയവരും ഉണ്ടായിരുന്നു.