കൈപൊള്ളിച്ച് പച്ചക്കറിവില
1429352
Saturday, June 15, 2024 12:20 AM IST
സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തു കുതിച്ചുയർന്ന് പച്ചക്കറിവില. കോഴിവിലയിൽ ചാഞ്ചാട്ടം. തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ചൂട് വർധിച്ചു കൃഷി നശിച്ചതാണു വില ഉയരാൻ ഇടയാക്കിയത്.
ഒരിടവേളയ്ക്കുശേഷമാണു സർവമേഖലയിലും വിലക്കയറ്റം. ഏതാണ്ടെല്ലാ പച്ചക്കറിക്കും വില ഇരട്ടിയിലേറെയായി. 70 രൂപയുണ്ടായിരുന്ന ബീൻസിന് 140 രൂപയായി. പച്ചമുളകിന്റെ വില 40 ൽനിന്ന് 90 ആയി. 40 രൂപയുണ്ടായിരുന്ന തക്കാളി 70 ലേക്കും, 30 രൂപയുണ്ടായിരുന്ന വെണ്ടക്കായ 60 രൂപയിലേക്കും, 30 രൂപയിൽ താഴെ മാത്രമുണ്ടായിരുന്ന സവാള 42 ലേക്കും ഉയർന്നു. പൊതുവേ വിപണിയിൽ ആവശ്യക്കാർ അധികമില്ലാത്ത കൊത്തമര, വഴുതന എന്നിവയ്ക്കും ഇരുപതുരൂപയോളം വിലകൂടി. കൊത്തമരയ്ക്ക് അന്പതും വഴുതനയ്ക്കു നാല്പത്തഞ്ചുമാണ് വില.
ഉരുളക്കിഴങ്ങ്, കാരറ്റ്, കാബേജ് എന്നിവയ്ക്കാണു കാര്യമായ വിലക്കയറ്റമില്ലാത്തത്. അന്പതുരൂപയ്ക്കുതാഴെയാണ് ഇവയുടെ ശരാശരി വില. ചീര, ചുരയ്ക്ക എന്നിവയ്ക്ക് യഥാക്രമം 15, 20-25 എന്നിങ്ങനെയാണ് നിരക്ക്.
മഹാരാഷ്ട്രയിൽ വ്യാപകമായി മഴ പെയ്യുന്നതിനാൽ സവാളവരവ് കുറഞ്ഞതോടെ തമിഴ്നാട്ടിലും വിലകൂടി. മഹാരാഷ്ട്രയിൽനിന്ന് 45 ലോഡ് എത്തിയിരുന്ന സ്ഥാനത്ത് 30 ലോഡ് മാത്രമാണ് എത്തുന്നത്. കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽനിന്നുള്ള പച്ചക്കറിവരവും കുറഞ്ഞു. തുടർച്ചയായി മഴയില്ലാത്തതിനാൽ വിളവു കുറഞ്ഞതും പെട്ടെന്നു മഴപെയ്തതോടെ ഉണ്ടായിരുന്ന വിളകൾ അഴുകിയതും തമിഴ്നാട്ടിലും വിലക്കയറ്റമുണ്ടാക്കി. പൊള്ളാച്ചി, ഉദുമൽപേട്ട്, ഒട്ടൻഛത്രം, തേനി, മധുര തുടങ്ങിയ സ്ഥലങ്ങളിൽനിന്നാണു കേരളത്തിലേക്കു പച്ചക്കറിയെത്തുന്നത്. ഇവിടെ വിലകൂടിയതു കേരളത്തെയും ബാധിച്ചു.
ചാഞ്ചാടി കോഴിവില
മീനിനും പച്ചക്കറിക്കും പുറമേ, കോഴിവിലയിലും ചാഞ്ചാട്ടമാണ്. ഈ മാസം ഒന്നിനു 160 രൂപയായിരുന്നു വില. എന്നാൽ, ഇന്നലെ 157 ആയി.
പിന്നീട് 161 രൂപയായി. ചൂടു വർധിച്ചതിനാൽ ഉത്പാദനത്തിലുണ്ടായ കുറവും തീറ്റയെടുക്കാതെ ഭാരക്കുറവുണ്ടായതോടെ കൂടുതൽ എണ്ണം ആവശ്യമായി വന്നതുമാണു കോഴിവില കൂടാൻ ഇടയാക്കിയതെന്നു കച്ചവടക്കാർ പറഞ്ഞു. മഴ തുടങ്ങിയതിനാൽ ഉത്പാദനം വർധിച്ചെന്നും ഒരുമാസത്തിനകം വിലകുറയുമെന്നു പ്രതീക്ഷിക്കുന്നതായും ഇവർ പറഞ്ഞു.