കേരളത്തിൽ വിരുന്നെത്താറുള്ള ഗ്രേ ഷ്രൈക്ക് പക്ഷിയെ ഏനാമാവിൽ കണ്ടെത്തി
1429351
Saturday, June 15, 2024 12:20 AM IST
വെങ്കിടങ്ങ്: അത്യപൂർവമായി കേരളത്തിൽ വിരുന്നെത്താറുള്ള ഗ്രേ ഷ്രൈക്ക് എന്ന പക്ഷിയെ ഏനാമാക്കൽ പാടശേഖരങ്ങളിൽ കണ്ടെത്തി.
ലാനിയസ് എക്സ്ക്യൂബിറ്റർ ലഹ്തോറ എന്നാണ് ഇവയുടെ ശാസ്ത്ര നാമം. പക്ഷി നിരീക്ഷകനായ പോൾ വെങ്കിടങ്ങാണ് ഗ്രെ ഷ്രൈക്കിനെ കണ്ടെത്തിയതും തിരിച്ചറിഞ്ഞതും. കറുപ്പും വെളുപ്പും ഇടകലർന്ന നിറത്തിലുള്ള ഇവയെ കേരളത്തിൽ കാണപ്പെടുന്ന മറ്റു ഷ്രൈക്കുകളിൽ നുന്നും ഒറ്റനോട്ടത്തിൽ തന്നെ തിരിച്ചറിയാനാകും. വലിയ പ്രാണികളെ ഭക്ഷണമാക്കുന്ന ഇവ പിടി കൂടുന്ന ഇരകളെ ചെടികളുടെ മുള്ളുകളിലും മറ്റും കോർത്തു സൂക്ഷിക്കുന്ന സ്വഭാവമുള്ളതിനാൽ ഇവയെ ബുച്ചർ ബേർഡ്സ് എന്നും വിളിക്കാറുണ്ട്. കേരളത്തിൽ സാധാരണ കാണുന്നത് മൂന്നിനം ഷ്രൈക്കുകളെയാണ്. ഇവയുടെ കുടുംബത്തിൽ പെടുന്ന ചാര ഷ്രൈക്കുകളിൽ പതിനാല് ഉപജാതികളുമുണ്ട്. അതിലൊരു വിഭാഗമാണ് ഇപ്പോൾ കണ്ടെത്തിയ ഗ്രേ ഷ്രൈക്ക്.
ഇന്ത്യയുടെ മധ്യഭാഗത്തും നേപ്പാൾ, ബംഗ്ലാദേശ് എന്നിവിടങ്ങളിലും കാണപ്പെടുന്നു. 1993 ൽ എഴുതിയ എ ബുക്ക് ഓഫ് കേരള ബേർഡ്സ് എന്ന പുസ്തകത്തിൽ ഈ പക്ഷിയെ കണ്ടെത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1991 ൽ വയനാട്ടിലും, 1992 ൽ പറമ്പിക്കുളത്തും പക്ഷി സർവേക്കിടെ ഇവയെ കണ്ടെത്തിയതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നീണ്ട 32 വർഷങ്ങൾക്കുശേഷമാണ് ഇവയെ തൃശൂർ ഏനാമാവിലെ പാടശേഖരങ്ങളിൽ കണ്ടെത്തുന്നതും ചിത്രം പകർത്തുന്നതും. കോൾ നിലങ്ങളുടെ ജൈവ പ്രാധാന്യം ഒന്നുകൂടി ഉറപ്പിക്കുന്ന ഈ കണ്ടെത്തൽ പക്ഷിനിരീക്ഷകർക്ക് കൂടുതൽ പ്രചോദനമാകുകയാണ്.