കുന്നംകുളം നഗരസഭ; കൗൺസിൽ യോഗത്തിൽ ബഹളം; ചെയർപേഴ്സണെ പൂട്ടിയിട്ടു
1429350
Saturday, June 15, 2024 12:20 AM IST
കുന്നംകുളം: നഗരസഭയിൽ ചെയർപേഴ്സണെ പൂട്ടിയിട്ടു.
സി.വി. ശ്രീരാമൻ ട്രസ്റ്റിന് സ്ഥലം അനുവദിക്കുന്നതിനെചൊല്ലിയുള്ള അജന്‍ഡയിൽ വിശദമായ ചർച്ചയും വോട്ടിംഗും ആവശ്യപ്പെട്ടത് അംഗീകരിക്കാതെ കൗൺസിൽ പിരിച്ചുവിട്ട നടപടി ചോദ്യംചെയ്ത പ്രതിപക്ഷം ചെയർപേഴ്സണെ കൗൺസിൽ ഹാളിൽ തടഞ്ഞുവക്കുകയും ഹാൾ പൂട്ടിയിടുകയുമായിരുന്നു. ഇന്നലെ രാവിലെ നടന്ന പ്രത്യേക കൗൺസിൽ യോഗത്തിലാണ് ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധങ്ങൾ കെെയാങ്കളി വരെ എത്തിയത്.
സി.വി. ശ്രീരാമൻ ട്രസ്റ്റിന് മധൂരകുളത്തിനടുത്ത് സ്ഥലം അനുവദിക്കുന്നതിനെചൊല്ലി പ്രതിപക്ഷമായ കോൺഗ്രസും ബിജെപിയും പ്രതിഷേധമുയർത്തി. സ്ഥലം അനുവദിച്ച് ഹാൾ ശ്രീരാമൻ ട്രസ്റ്റ് അല്ലാതെ, നഗരസഭതന്നെ നേരിട്ട് നിർമാണം നടത്തണമെന്നുമായിരുന്നു ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന സോമശേഖരന്റെ നിലപാട്.
ഇതേചൊല്ലി ഇരുകൂട്ടരും തർക്കങ്ങളായി. തർക്കം രൂക്ഷമായതിനെ തുടർന്ന് യോഗത്തിനുവന്ന എല്ലാ അജന്‍ഡകളും പാസാക്കിയതായി പ്രഖ്യാപിച്ചുകൊണ്ട് ചെയർപേഴ്സൺ സീതാ രവീന്ദ്രൻ കൗൺസിൽ യോഗം പിരിച്ചുവിട്ടതായി അറിയിക്കുകയായിരുന്നു.
ഇതറിയിച്ച് ചേമ്പറിൽനിന്നു പുറത്തിറങ്ങിയ ചെയർപേഴ്സണെ പ്രതിപക്ഷ അംഗങ്ങൾചേർന്ന് തടഞ്ഞു. അകാരണമായി കൗൺസിൽ യോഗം പിരിച്ചുവിടരുതെന്നും ചർച്ചകളിൽ മറുപടി നൽകണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.
ഇത് അംഗീകരിക്കാൻ തയാറാകാതിരുന്ന ചെയർപേഴ്സണെ കൗൺസിൽ ഹാളിന്റെ വാതിൽ പൂട്ടിയിട്ടു പ്രതിപക്ഷമായ ബിജെപിയും കോൺഗ്രസും ചേർന്ന് തടയുകയായിരുന്നു. ഇതോടെ ഭരണപക്ഷ കൗൺസിലർമാർ ചെയർപേഴ്സന്റെ രക്ഷയ്ക്കെത്തി.
ഇരുകൂട്ടരും തമ്മിൽ രൂക്ഷമായ വാഗ്വാദങ്ങളും ഉന്തും തള്ളും വരെ നടന്നു. ബഹളം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസ് സ്ഥലത്തെത്തി ബലംപ്രയോഗിച്ച് വാതിൽ തുറക്കുകയായിരുന്നു. തുടർന്നാണ് ചെയർപേഴ്സൺ പുറത്തുകടന്നത്.
സിപിഎം നേതൃത്വത്തിലുള്ള ഭരണസമിതി നടത്തുന്ന അഴിമതിയുടെ വേറൊരു മുഖമാണ് കൗൺസിൽ യോഗത്തിൽ കണ്ടതെന്നും ജനാധിപത്യരീതിയിൽ യോഗം നടത്താതെ ധിക്കാര സമീപനമാണ് ചെയർപേഴ്സൺ കാണിച്ചതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി