വൈദ്യശാസ്ത്രപഠനത്തിനു മൃതദേഹം സമർപ്പിച്ച് ദന്പതികളുടെ മാതൃക
1429349
Saturday, June 15, 2024 12:20 AM IST
തൃശൂർ: അമല മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർഥികളുടെ പഠനത്തിനായി മൃതദേഹങ്ങൾ നൽകാമെന്ന വാഗ്ദാനം പാലിച്ച് ദന്പതികളായ പാലയ്ക്കൽ കൂനംപ്ലാക്കൽ ഫ്രാൻസിസും എൽസിയും.
ഭർത്താവ് ഫ്രാൻസിസിന്റെ മരണം രണ്ടുവർഷം മുൻപായിരുന്നു. എൽസിയുടെ മൃതദേഹം വ്യാഴാഴ്ച ബന്ധുമിത്രാദികൾ അമലയ്ക്കു സമർപ്പിച്ചു. ഫ്രാൻസിസ് എൻജിനീയറായും എൽസി നഴ്സായും ജർമനിയിൽ നിരവധി വർഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം പഠനാവശ്യത്തിനു വിട്ടുനൽകാനുള്ള സമ്മതപത്രം നേരത്തേ അമലയിൽ ഏല്പിച്ചിരുന്നു.
മതപരമായ എല്ലാ ചടങ്ങുകളും പൂർത്തിയാക്കിയാണ് മക്കളായ ആശ മാർട്ടിനും മിഷ ഫ്രാൻസിസും ബന്ധുമിത്രാദികളും ചേർന്ന് മൃതദേഹം കൈമാറിയത്.
അസോസിയേറ്റ് ഡയറക്ടർ ഫാ.ആന്റണി മണ്ണുമ്മൽ, പ്രിൻസിപ്പൽ ഡോ. ബെറ്റ്സി തോമസ്, അനാട്ടമി വിഭാഗം മേധാവി ഡോ. ലോല ദാസ് എന്നിവരും സ്റ്റാഫംഗങ്ങളും വിദ്യാർഥികളും ചേർന്ന് മൃതദേഹം ഏറ്റുവാങ്ങി.