മഴക്കാലപൂർവ ശുചീകരണ ഉദ്ഘാടനപ്രഹസനവുമായി മേയർ
1425114
Sunday, May 26, 2024 8:08 AM IST
തൃശൂർ: പശുവും ചത്തു, മോരിലെ പുളിയും പോയി എന്നു പറയുംപോലെ ആദ്യമഴയിൽതന്നെ വെള്ളം കയറി കോടികളുടെ നാശനഷ്ടം വരുത്തിവച്ചശേഷം മഴക്കാലപൂർവ ശുചീകരണവും മരങ്ങൾ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന പ്രഹസന തീട്ടൂരവുമായി മേയറുടെ വരവ്.
വീടുകളിലും വ്യാപാരസ്ഥാപനങ്ങളിലും ആശുപത്രിയിലുമടക്കം കോടികളുടെ നഷ്ടം വരുത്തിവച്ച മേയർ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു നാളെ കോൺഗ്രസ് മാർച്ച് നടത്താനിരിക്കെയാണു ശുചീകരണപ്രവര്‍ത്തനങ്ങളുടെ കോര്‍പറേഷന്‍തല ഉദ്ഘാടനം ഇന്നു നടത്താൻ ഒരുങ്ങുന്നത്.
മഴ പെയ്തു രണ്ടുദിവസം കഴിഞ്ഞപ്പോഴേക്കും കോർപറേഷൻ പരിധിയിലെ പൊതുസ്ഥലങ്ങളിലും വിവിധ സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം നിന്നിരുന്ന ആറോളം കൂറ്റൻമരങ്ങളാണു കടപുഴകിയും ഒടിഞ്ഞും വീണത്. ഇതുണ്ടാക്കിയ നാശനഷ്ടവും ഗതാഗതതടസവുമെല്ലാം വേറെ. ഇതിനെല്ലാം ആഴ്ചകൾക്കുമുന്‍പേ മഴക്കാലപൂർവ ശുചീകരണം നടത്താൻ വൈകുന്നതിലെ പ്രശ്നങ്ങളും അപകടങ്ങളും കോൺഗ്രസ്, ബിജെപി കൗൺസിലർമാർ മേയറോടും കോർപറേഷൻ ഭരണസമിതിയോടും ചൂണ്ടിക്കാട്ടിയിരുന്നു.
അനങ്ങുന്നില്ലെന്നു കണ്ടപ്പോൾ കൗൺസിലിലടക്കം പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. കോർപറേഷന്റെ ഭാഗത്തുനിന്നു നടപടികൾ ഉണ്ടാകുന്നില്ലെന്നുകണ്ട് പതിവുള്ള ദുരിതങ്ങൾ ഭയന്ന് പല റസിഡൻസ് അസോസിയേഷനുകളും പ്രദേശവാസികളും സ്വന്തംനിലയിൽ മഴക്കാലപൂർവ ശുചീകരണം നടത്തിയിരുന്നു. അപ്പോഴൊന്നും ഉണർന്നുപ്രവർത്തിക്കാത്ത ഭരണസമിതിയാണു ദുരിതങ്ങളും നാശനഷ്ടങ്ങളും വരുത്തിവച്ചശേഷം പ്രഹസനശുചീകരണത്തിന് ഇറങ്ങിയിരിക്കുന്നത്.
കോർപറേഷൻ പരിധിയിലെ വലിയ തോടുകൾ വൃത്തിയാക്കാനുള്ള ടെൻഡർ നടപടികൾ പൂർത്തികരിച്ചതു മൂന്നുദിവസം മുന്‍പാണ്.
പലയിടത്തും കാനകളും ചെറിയ തോടുകളും വൃത്തിയാക്കുന്ന പ്രവൃത്തികൾ മുന്‍പേ തുടങ്ങിയെന്നും ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങു മാത്രമാണ് ഇന്നു നടത്തുന്നതെന്നും കോർപറേഷൻ ഭരണസമിതി പറഞ്ഞു.
യുദ്ധകാലാടിസ്ഥാനത്തിൽ ഇപ്പോഴും പ്രവൃത്തികൾ തുടരുന്നതായും പറയുന്നു. എന്നാൽ, ഓരോ ഡിവിഷനും മഴക്കാലപൂർവ ശുചീകരണത്തിനായി അനുവദിച്ചിട്ടുള്ള 40,000 രൂപ ചെലവഴിച്ചതായി കാണിക്കാൻ കൂട്ടായ്മകൾ വൃത്തിയാക്കിയതിന്റെ തുടർഭാഗങ്ങളിൽ തട്ടിക്കൂട്ടുശുചീകരണമാണു നടത്തിയതെന്നു പ്രദേശവാസികൾ ആരോപിച്ചു.
ഇന്നു രാവിലെ 9.30നു ജയ്ഹിന്ദ് മാര്‍ക്കറ്റിൽ മേയര്‍ എം.കെ. വര്‍ഗീസ് മഴക്കാലപൂർവ ശുചീകരണം ഉദ്ഘാടനം ചെയ്യും. ഇതേസമയം 55 ഡിവിഷനുകളിലും കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കും. കോര്‍പറേഷന്‍പരിധിയില്‍ ഡ്രൈ ഡേ ആചരണവും മഴക്കാലപ്രതിരോധ ബോധവത്കരണ നോട്ടീസ് വിതരണവും ഉണ്ടാകും. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആരോഗ്യവിഭാഗം ജീവനക്കാര്‍, എന്‍എസ്എസ് വോളന്റിയര്‍മാർ, സന്നദ്ധ പ്രവര്‍ത്തകര്‍, ശുചീകരണ തൊഴിലാളികള്‍, ഹരിതകര്‍മസേനാംഗങ്ങള്‍, യുവജന പ്രസ്ഥാനങ്ങള്‍, വ്യാപാരികള്‍ തുടങ്ങിയവരെയെല്ലാം പങ്കെടുപ്പിച്ചാണ് പരിപാടികൾ സംഘടിപ്പിച്ചിട്ടുള്ളത്.
സ്വന്തം ലേഖകൻ