ചിറ്റക്കുന്നിൽ വീണ്ടും തേക്ക് മരങ്ങൾ മുറിക്കാൻ നീക്കം
1425111
Sunday, May 26, 2024 8:08 AM IST
പുത്തൂർ : 2018 ലെ പ്രളയത്തിൽ അതിശക്തമായ കുഴലീകൃത മണ്ണൊലിപ്പും, മണ്ണിടിച്ചിലും സംഭവിച്ച പുത്തൂർ പഞ്ചായത്തിലെ ചിറ്റക്കുന്നിൽ തേക്ക് പ്ലാന്റേഷനിലെ മരങ്ങൾ മുറിക്കാൻ നടത്തുന്ന നീക്കം തടയാൻ അടിയന്തിരമായി ജില്ലാ കളക്ടർ ഇടപെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവും ഡി സി സി വൈസ് പ്രസിഡന്റുമായ അഡ്വ. ജോസഫ് ടാജറ്റ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ജില്ലാ കളക്ടർക്ക് കത്ത് നൽകി.
കെഎഫ്ഡിസി യുടെ നിയന്ത്രണത്തിലുള്ള 2014 തേക്ക് പ്ലാന്റേഷനിലെ എണ്ണായിരത്തോളം വരുന്ന മരങ്ങൾ മുറിക്കാനാണ് ശക്തമായ മഴ മുന്നറിയിപ്പ് നിലനിൽക്കുന്പോൾ ധ്രുതഗതിയിൽ നീക്കം നടത്തുന്നത്. ഇത് വലിയ തോതിലുള്ള മണ്ണിടിച്ചിലിന് വഴിവെക്കും. കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റ നിർദ്ദേശമനുസരിച്ച് 30 ഡിഗ്രിയെക്കാൾ കൂടുതൽ ചെരിവുള്ള സ്ഥലങ്ങളിലെ മരങ്ങൾ മുറിച്ച് നീക്കം ചെയ്യാൻ പാടില്ല എന്നിരിക്കെയാണ് തേക്ക് മരങ്ങൾ മുറിക്കാൻ നീക്കം നടക്കുന്നത്. 2018 ലെ മഹാപ്രളയത്തിൽ വലിയ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലമാണ് ഈ പ്രദേശം ഉൾപ്പെടുന്ന പുത്തൻകാട്.
തുടർന്ന് നടന്ന വിദഗ്ദസംഘത്തിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നടന്നത് കുഴലീകൃത മണ്ണൊലിപ്പ് ആണെന്നും അതിനാൽ ഈ പ്രദേശത്തെ മരങ്ങൾ മുറിച്ച് നീക്കരുതെന്നും തേക്ക്, അക്കേഷ്യ, യൂക്കാലി തുടങ്ങി ആഴത്തിൽ വേര് ഓടാത്ത മരങ്ങൾ വെച്ച്പിടിപ്പിക്കരുതെന്നും ഉത്തരവ് ഉണ്ടായിരിട്ടുള്ളതുമാണ്. 2019 ലും മണ്ണിടിച്ചിൽ ഉണ്ടായിരുന്നു. അവിടെ അക്വാഡക്ട് നിർമ്മിച്ചാണ് മണ്ണിടിച്ചിലിന് താൽക്കാലികമായ പരിഹാരം കണ്ടത്. തുടർന്ന് 2023 ജൂലൈ, ഓഗസ്റ്റ് മാസത്തിൽ ചിറ്റക്കുന്നിലെ മരങ്ങൾ മുറിച്ച് നീക്കിയതിനെതിരെ നടന്ന ജനകീയ പ്രതിഷേധത്തെ തുടർന്ന് ജില്ലാ കളക്ടർ ഇടപെട്ട് മരംമുറി നിർത്തിവെച്ചതാണ്.
നാല് ഹെക്ടറിലെ മരങ്ങളാണ് അന്ന് മുറിച്ച് നീക്കിയത്. 26 ഹെക്ടറോളം സ്ഥലത്തെ മരങ്ങൾ ഇനി മുറിച്ച് നീക്കാനുണ്ട്. ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾ നിലനിൽക്കെയാണ് ഇടവെട്ടാണെന്നും അതിനാൽ മണ്ണൊലിപ്പ് ഉണ്ടാകില്ലെന്നുമുള്ള വാദ ഗതിയിൽ കെഎഫ്ഡിസിയുടെ മരംമുറിക്കാനുള്ള പുതിയ നീക്കം. മാത്രമല്ല മരങ്ങൾ മുറിച്ച്നീക്കിയ സ്ഥലത്ത് പുതിയമരങ്ങൾ വെച്ച് പിടിപ്പിക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അത് 2017 ലെ കേരള വനംവകുപ്പിന്റെ ഗൈഡ് ലൈനിൽ പറയുന്ന തരത്തിൽ ആഴത്തിൽ വേരോടുന്ന മരങ്ങൾ വെച്ചു പിടിപ്പിക്കാൻ വേണ്ട ഇടപെടൽ ജില്ലാ കളക്ടർ നടത്തണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
ഇടക്കാലത്ത് തേക്ക്, അക്കേഷ്യ, യൂക്കാലി തുടങ്ങി മണ്ണൊലിപ്പിനെ പ്രതിരോധിക്കാൻ സഹായകമല്ലാത്ത മരങ്ങൾ വെച്ചു പിടിപ്പിക്കാൻ ശ്രമം നടത്തിയിരുന്നു. ആയത് ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള ഗുരുതരമായ പ്രശ്നങ്ങൾക്ക് പരിസരവാസികൾ വിധേയരാകുമെന്ന് അഡ്വ. ജോസഫ് ടാജറ്റ് പറഞ്ഞു.