നിയന്ത്രണംവിട്ട കാർ ഇലക്ട്രിക് പോസ്റ്റിലിടിച്ച് മറിഞ്ഞു
1424515
Friday, May 24, 2024 12:49 AM IST
എരുമപ്പെട്ടി: കനത്ത മഴയിൽ നിയന്ത്രണംവിട്ട കാർ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് മറിഞ്ഞ് യുവതിയുൾപ്പടെ രണ്ടുപേർക്ക് സാരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ കുന്നംകുളം - വടക്കാഞ്ചേരി സംസ്ഥാന പാതയിൽ എരുമപ്പെട്ടി വെള്ളറക്കാട് മനപ്പടിക്ക് സമീപമാണ് അപകടമുണ്ടായത്.
കുന്നംകുളം പഴുന്നാന സ്വദേശി കാരെങ്ങൽ വീട്ടിൽ ഷാഹുൽ ഹമീദ് (22) , കുന്നംകുളം കാണിപയ്യൂർ സ്വദേശിനി പൂവൻകര വീട്ടിൽ ഫർസാന (24) എന്നിവർക്കാണ് പരിക്കേറ്റത്. കാറിലെ മറ്റ് യാത്രക്കാരായ വരവൂർ പിലക്കാട് ഏറങ്ങത്ത് വീട്ടിൽ അഖിൽ (22), കാണിപയ്യൂർ പൂവൻക്കര വീട്ടിൽ അസ്ലം (21) എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു.
കുന്നംകുളത്തുനിന്ന് എരുമപ്പെട്ടി ദുബായ് പാലസിൽ നടക്കുന്ന വിവാഹ തലേദിവസത്തെ ചടങ്ങിൽ പങ്കെടുക്കുവാൻ പോകുകയായിരുന്നു അപകടത്തിൽപ്പെട്ടവർ. നിയന്ത്രണം വിട്ട് റോഡിൽ നിന്നു തെന്നി നീങ്ങിയ കാർ റോഡരികിലെ ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് തലകീഴായി മറിയുകയായിരുന്നു. കുന്നംകുളത്ത് നിന്ന് ഫയർഫോഴ്സെത്തിയാണ് കാർ ഉയർത്തി അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്. കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ യൂത്ത് വോയ്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകട വിവരമറിഞ്ഞ് എരുമപ്പെട്ടി ആക്ട്സ് ആംബുലൻസ് പ്രവർത്തകരും വെള്ളറക്കാട് എസ്കെഎസ്എസ്എഫ് ആംബുലൻസ് പ്രവർത്തകരും സ്ഥലത്തെത്തിയിരുന്നു.
അപകടത്തിൽ ഇലക്ട്രിക് പോസ്റ്റ് ഒടിഞ്ഞുവീണു. വൈദ്യുതി കമ്പികളും കേബിൾ ടിവിയുടെ ഫൈബർ ഉൾപ്പടെയുള്ള കേബിളുകളും പൊട്ടിവീണു. മേഖലയിൽ വൈദ്യുതി വിതരണം തടസപ്പെടുകയും ഭാഗികമായി ഗതാഗത തടസമുണ്ടാവുകയും ചെയ്തു.
കെഎസ്ഇബി ജീവനക്കാരും എരുമപ്പെട്ടി പോലീസും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. ഫയർ ഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർമാരായ ജയകുമാർ, ബെന്നി മാത്യു, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ലൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.