നെൽകർഷകർ പ്രതിസന്ധിയിൽ; ജില്ലയിൽ 150 കോടിയുടെ നഷ്ടം
1423557
Sunday, May 19, 2024 7:16 AM IST
തൃശൂർ: നെല്ലുത്പാദനത്തിൽ കനത്ത നഷ്ടമുണ്ടായ കർഷകർക്കു മാന്യമായ നഷ്ടപരിഹാരം നൽകണമെന്നു കേരള കർഷകസംഘം. കാലാവസ്ഥാവ്യതിയാനം മുതൽ ആവർത്തനകൃഷിവരെയുള്ള വിവിധ കാരണങ്ങളാൽ 150 കോടിയോളം രൂപയുടെ നഷ്ടമാണു തൃശൂർ ജില്ലയിലുണ്ടായത്.
2022-23 ൽ വിരിപ്പ്, മുണ്ടകൻ, പുഞ്ച എന്നീ സീസണുകളിലായി 28,524 ഏക്കറിലും കോൾനിലങ്ങളിൽ 26,656 ഏക്കറിലുമാണ് കൃഷിയിറക്കിയത്. 1,12,001 ടണ്‍ നെല്ല് ഉത്പാദിപ്പിച്ചു. ഈ വർഷം 48,716 ഏക്കറിൽ കൃഷിയിറക്കി 62,515 ടണ്‍ നെല്ലാണു ശേഖരിച്ചത്. ഉത്പാദനം നേർപകുതിയാണു കുറഞ്ഞത്. കോൾമേഖലയിലും കോൾഇതര മേഖലയിലും നഷ്ടം ബാധിച്ചിട്ടുണ്ട്. വൈക്കോൽമാത്രം ആശ്രയിച്ചുനീങ്ങുന്ന ക്ഷീരകൃഷിയും അവതാളത്തിലാണ്.
നെല്ലും വൈക്കോലും ഭാഗികമായും പൂർണമായും നഷ്ടപ്പെട്ട ആയിരക്കണക്കിനു ചെറുകിടകൃഷിക്കാരും നിരവധി പാടശേഖരങ്ങളുമുണ്ട്. ഏകദേശം ഒരേക്കറിന് 25,000 രൂപ മുതൽ 35,000 രൂപവരെ ഉത്പാദനചെലവ് നേരിടേണ്ടിവരുന്ന കർഷകനു പിടിച്ചുനിൽക്കാൻ കഴിയുന്നില്ല.
ഉത്പാദനചെലവിന്റെ ക്രമാതീതമായ വർധന, ഗുണമേന്മയില്ലാത്ത വിത്ത്, വളം മുതലായവ മൂലമുള്ള ഉത്പാദനക്കുറവ്, പ്രതികൂലകാലാവസ്ഥ, വന്യമൃഗശല്യം ഇവയെല്ലാം പരിഗണിക്കണമെന്നും വേഗത്തിലുള്ള പരിഹാരമാർഗമുണ്ടാകണമെന്നും കർഷകസംഘം ആവശ്യപ്പെട്ടു.
സ്വന്തം ലേഖകൻ