"വനഭൂമിയിൽ യൂക്കാലി നടാനുള്ള നീക്കത്തിൽ നിന്നും പിന്തിരിയണം'
1423553
Sunday, May 19, 2024 7:16 AM IST
തൃശൂർ: കേരള വനം വികസന കോർപറേഷന്റെ വനംഭൂമിയിൽ യൂക്കാലി, അക്കേഷ്യ, മാഞ്ചിയം മരങ്ങൾ നടാനുള്ള നീക്കത്തിൽനിന്നു പിന്തിരിയണമെന്ന് ആവശ്യപ്പെട്ടു വനം മന്ത്രിക്കു ടി.എൻ. പ്രതാപൻ എംപി കത്തയച്ചു.
ഇത്തരം മരങ്ങൾ വനത്തിൽ നട്ടുപിടിപ്പിച്ചാൽ ഭൂഗർഭജലം ഇല്ലാതായി അടിക്കാടുകൾക്കു വളരാൻ കഴിയാത്ത അവസ്ഥയുണ്ടാകും. അതോടെ മൃഗങ്ങൾ ഭക്ഷണവും വെള്ളവുംതേടി നാട്ടിലേക്കിറങ്ങും. അതുകൊണ്ട് തീരുമാനം മലയോരജനതയ്ക്കു ഭീഷണിയാണെന്നും ചൂണ്ടിക്കാട്ടി.
വനത്തെ മൊട്ടക്കുന്നാക്കുന്ന യൂക്കാലി, അക്കേഷ്യ എന്നിവ നടുന്നതു നിരോധിച്ച് 2017ൽ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. 2021 ൽ സർക്കാർ വനനിയമം പ്രഖ്യാപിച്ചപ്പോൾ ഇത്തരം മരങ്ങൾ വെട്ടിമാറ്റി പകരം തദ്ദേശീയ ഇനങ്ങളായ മാവ്, പ്ലാവ്, കാട്ടുനെല്ലി, വാക, കാട്ടുപുളി, മലവേപ്പ്, ഞാവൽ, അത്തി തുടങ്ങിയവ നട്ടുപിടിപ്പിക്കണമെന്നു തീരുമാനിച്ചിരുന്നു.
എന്നാലിപ്പോൾ കെഎഫ്ഡിസി എംഡി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു വനം വകുപ്പ് മേധാവി ഇത്തരം മരങ്ങൾ നടാൻ ഉത്തരവിറക്കിയത്. വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന കെഎഫ്ഡിസിയുടെ നിലനിൽപ്പിനെ ബാധിക്കുന്നതിനാലാണു യൂക്കാലിത്തൈ നടാൻ അനുവദിക്കുന്നതെന്ന് ഉത്തരവിലുണ്ട്. സർക്കാർ ഉത്തരവുകൾക്കും നയങ്ങൾക്കും എതിരായി സംസ്ഥാന വനം വകുപ്പ് മേധാവി പുറത്തിറക്കിയ ഉത്തരവ് അടിയന്തരമായി റദ്ദു ചെയ്യണമെന്ന് എംപി ആവശ്യപ്പെട്ടു.