വജ്രജൂബിലിനിറവിൽ രണ്ടു വന്ദ്യവൈദികർ
1423546
Sunday, May 19, 2024 7:15 AM IST
തൃശൂർ: തിരുപ്പട്ടത്തിന്റെ ഡയമണ്ട് ജൂബിലിനിറവിൽ ഫാ. ജോസ് ഫ്രാങ്ക് ചക്കാലയ്ക്കലും ഫാ. ഡേവിസ് ആൻഡ്രൂസ് ആത്തപ്പിള്ളിയും. ഇന്നാണ് ജൂബിലി ആഘോഷം.
സിഎംഐ ദേവമാതാ പ്രൊവിൻഷ്യൽ ഫാ . ജോസ് നന്തിക്കര ജൂബിലി കുർബാനയ്ക്കു നേതൃത്വം കൊടുക്കും. അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മുൻ ഡയറക്ടർ ഫാ. ഫ്രാൻസിസ് കുരിശേരി വചനസന്ദേശം നൽകും. ഫാ. ജോസ് ഫ്രാങ്ക് ചക്കാലയ്ക്കൽ കുന്നാകുളം, അഴിക്കോട്, കുരിയച്ചിറ പ്രദേശങ്ങളുടെ വളർച്ചയ്ക്കുവേണ്ടി കഠിനാധ്വാനം ചെയ്തിട്ടുള്ള വൈദികനാണ്.
കുന്നംകുളത്ത് എക്യുമെനിസം പ്രസ്ഥാനത്തിനും അഴിക്കോട് മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയും കുരിയച്ചിറ സ്ലം സൊസൈറ്റി അംഗങ്ങൾക്കുവേണ്ടിയും അച്ചൻ തന്റെ ജീവിതത്തിന്റെ നല്ലൊരു ഭാഗം മാറ്റിവച്ചു. ജർമനിയിലും ദീർഘകാലം സേവനം ചെയ്തിട്ടുണ്ട്.
ഫാ. ആൻഡ്രൂസ് ആത്തപ്പിള്ളി ദീർഘകാലം അമേരിക്കയിലാണ് സേവനം ചെയ്തിട്ടുള്ളത്. കെനിയൻ മിഷന്റെ തുടക്ക കാലങ്ങളിൽ കെനിയൻ മിഷനറിയായും ബംഗളൂരു ധർമാരാം വിദ്യാക്ഷേത്രം ഹിസ്റ്ററി അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. മധ്യപ്രദേശിലെ സാഗർ മിഷനും ഇരിങ്ങാലക്കുടയിലെ കാത്തലിക് സെന്ററിന്റെ വളർച്ചയ്ക്കും അദ്ദേഹം ചെയ്തിട്ടുള്ള സേവനങ്ങൾ അവിസ്മരണീയങ്ങളാണ്.