ഡെപ്യൂട്ടി മേയറെ വാഹനത്തിൽ തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ
1423545
Sunday, May 19, 2024 7:15 AM IST
തൃശൂർ: മഴക്കാലത്തിനുമുന്പേ തോടുകൾ വൃത്തിയാക്കാനുള്ള ടെൻഡർ നടപടികൾ വൈകിപ്പിച്ചതിൽ പ്രതിഷേധിച്ചുള്ള സമരത്തിനിടെ കോർപറേഷൻ ഓഫീസിൽനിന്നു വാഹനത്തിൽ മുങ്ങാൻ ശ്രമിച്ച ഡെപ്യൂട്ടി മേയറെ തടഞ്ഞ് കോൺഗ്രസ് കൗൺസിലർമാർ.
പ്രതിപക്ഷനേതാവ് രാജൻ ജെ.പല്ലന്റെ നേതൃത്വത്തിലാണ് ഔദ്യോഗിക വാഹനത്തിൽ പോകാനൊരുങ്ങിയ ഡെപ്യൂട്ടി മേയർ എം.എൽ. റോസിയെ തടഞ്ഞത്. കാറിൽനിന്ന് ഇറങ്ങിയ ഡെപ്യൂട്ടി മേയർ പോലീസിന്റെ അടുത്തുചെന്നു പ്രതിഷേധക്കാരെ മാറ്റണമെന്ന് ആവശ്യപ്പെട്ടു വീണ്ടും വാഹനത്തിൽ കയറി പോകാൻ ശ്രമിച്ചു. പോലീസ് ഇടപെട്ടു കോൺഗ്രസ് കൗൺസിലർമാരെ നീക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. ഇതോടെ ഡെപ്യൂട്ടി മേയർ കാറിൽതന്നെ ഇരുന്നു. കൗൺസിലർമാർ മുദ്രാവാക്യം വിളിച്ചു വാഹനത്തിനു മുന്പിൽ ഇരുന്നു.
സമരമുണ്ടെന്നറിഞ്ഞു മേയറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും കോർപറേഷനിൽ വരാതെ മുങ്ങിയെന്നു സമരം ഉദ്ഘാടനം ചെയ്ത രാജൻ പല്ലൻ ആരോപിച്ചു. ഉപനേതാവ് ഇ.വി. സുനിൽരാജ് അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ ജയപ്രകാശ് പൂവത്തിങ്കൽ, കെ. രാമനാഥൻ, ശ്യാമള മുരളീധരൻ, എൻ.എ. ഗോപകുമാർ, ലീല വർഗീസ്, സിന്ധു ആന്റോ, ശ്രീലാൽ ശ്രീധർ, വിനേഷ് തയ്യിൽ, നിമ്മി റപ്പായി, റെജി ജോയ്, മേഴ്സി അജി, എബി വർഗീസ്, രെന്യ ബൈജു എന്നിവർ പങ്കെടുത്തു.