പാലപ്പിള്ളിയില്‍ വീണ്ടും പുലി
1423198
Saturday, May 18, 2024 1:39 AM IST
പാലപ്പിള്ളി: കുണ്ടായി ചൊക്കന പ്രദേശത്ത് വീണ്ടും പുലിയെ കണ്ടു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് നാട്ടുകാര്‍ പുലിയെ കാണുന്നത്.
കഴിഞ്ഞ ദിവസം രാത്രി പട്രോളിംഗിനിറങ്ങിയ വനപാലകരാണ് റബര്‍ തോട്ടത്തില്‍ പുലിയെ കണ്ടത്. വനപാലകരുടെ വാഹനത്തിന്റെ ശബ്ദം കേട്ടിട്ടും പുലി ഓടിപ്പോകാതെ പതുക്കെ നടുക്കുന്ന രീതിയിലായിരുന്നു.
ടോര്‍ച്ച് വെളിച്ചത്തില്‍ വനപാലകരാണ് പുലിയുടെ ദൃശ്യങ്ങള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തിയത്. രണ്ടാഴ്ച മുന്‍പ് ഈ പരിസരത്ത് റോഡ് മുറിച്ചുകടന്ന് തോട്ടത്തിലൂടെ പായുന്ന പുലിയെ അതുവഴിവന്ന കാര്‍ യാത്രക്കാര്‍ കണ്ടിരുന്നു. ഒരാഴ്ചയ്ക്കിടെ പാലപ്പിള്ളി മേഖലയില്‍ പുലിയിറങ്ങി മൂന്നു പശുക്കുട്ടികളെയും ഒരു മാനിനെയും ആക്രമിച്ച് കൊന്നിരുന്നു.
ജനവാസ മേഖലയില്‍ പുലിയിറങ്ങുന്നത് പതിവായതോടെ
വനപാലകര്‍ കഴിഞ്ഞ ദിവസം തോട്ടങ്ങളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു. പുലിയുടെ സാന്നിധ്യം മനസിലാക്കിയശേഷം പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ഇതിനിടെയാണ് ജനവാസമേഖലയില്‍ വീണ്ടും പുലിയെ കണ്ടത്. കാര്‍ യാത്രക്കാര്‍ കണ്ട പുലിയല്ല ഇന്നലെ വനപാലകരുടെ മുന്നില്‍പ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഇത്തവണകണ്ട പുലി വലിപ്പമുള്ളതാണെന്നാണ് പറയുന്നത്.പ്രദേശത്ത് കൂടുതല്‍ പുലികള്‍ ഉണ്ടെന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. എത്രയും വേഗം പുലിയെ പിടികൂടുന്നതിനുള്ള കൂട് സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.