ഒടുവിൽ മഹേന്ദ്രനെത്തേടി ഉറ്റവർ പഴയന്നൂരിലെത്തി...
1423197
Saturday, May 18, 2024 1:39 AM IST
പഴയന്നൂര്‍: പഴയന്നൂരിലെ തെരുവോരങ്ങളില്‍ അലഞ്ഞുനടന്നിരുന്ന മധ്യവയസ്കനു തുണയായി പഴയന്നൂരിലെ പൊതുപ്രവര്‍ത്തകര്‍. ഓര്‍മക്കുറവുമൂലം നാടും വീടുമറിയാതെ പഴയന്നൂരിലെത്തിയ തമിഴ്നാട് കോയമ്പത്തൂര്‍ തുടിയല്ലൂര്‍ പഞ്ചായത്തില്‍ നേതാജി സ്ട്രീറ്റില്‍ മഹേന്ദ്ര (49)നാണ് എട്ടു മാസങ്ങൾക്കുശേഷം ഉറ്റവരുടെ കൈകളിൽ ഭദ്രമായെത്തിയത്.
എട്ടുമാസങ്ങൾക്കു മുന്‍പാണ് ഇയാൾ വീടുവിട്ടിറങ്ങിയത്. പിന്നീട് വീട്ടുകാര്‍ക്ക് ഇദ്ദേഹം എവിടെയാണെന്നു കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാർ തമിഴ്നാട് പോലീസില്‍ പരാതി നല്കി അന്വേഷിച്ചുവരികയായിരുന്നു.
പല നാടുകളിൽ സഞ്ചരിച്ച് ഒടുവില്‍ മഹേന്ദ്രൻ പഴയന്നൂരിലെത്തി. ഇതിനോടകം രൂപഭാവവും മാറി. പഴയന്നൂരിലെ പൊതുപ്രവര്‍ത്തകരായ വടക്കേത്തറ സുരേഷ്കുമാര്‍, ഓട്ടോ തൊഴിലാളിയായ ജയൻ, ജയ്സൺ എന്നി വരും സുഹൃത്തുക്കളുമാണ് ഉറ്റവരെ കണ്ടെത്താന്‍ സഹായമായത്. ഇവർ മഹേന്ദ്രന്റെ പേരും വിലാസവും ചോദിച്ചറിയാൻ ശ്രമം നടത്തിയെങ്കിലും ഒാർമക്കുറവ് വിലങ്ങുതടിയായി. പക്ഷേ, മഹീന്ദ്രന് നല്കിയ മൊബൈല്‍ ഫോൺ നമ്പര്‍ വഴിത്തിരിവായി. ഇതാണു ബന്ധുക്കളിലേക്കെത്താന് സഹായകമായത്. വാട്ട്സ് ആപ്പിൽ ഇയാളുടെ ചിത്രങ്ങൾ കണ്ട ബന്ധുകൾ തിരിച്ചറിഞ്ഞു. ഉടന്‍ പഴയന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് വ്യാഴാഴ്ച ഉച്ചയോടെ പ്രായമായ അമ്മയും ബന്ധുക്കളും പഴയന്നൂരിലെത്തി. പഴയന്നൂർ പോലീസ് നടപടികൾ പൂര്‍ത്തിയാക്കിയശേഷം മഹീന്ദ്രന് ഉറ്റവർക്കൊപ്പം സ്വന്തം നാട്ടിലേക്കു മടങ്ങി.