ഗുരുവായൂരിലെ വിവാഹ രജിസ്ട്രേഷൻ ഇനി ക്ഷേത്രത്തിനു സമീപം
1423195
Saturday, May 18, 2024 1:39 AM IST
ഗുരുവായൂർ: ക്ഷേത്രത്തിൽ വിവാഹിതരാകുന്നവർക്കു വിവാഹ രജിസ്ട്രേഷനു വിവാഹമണ്ഡപത്തിനുസമീപം ദേവസ്വം സ്ഥലം അനുവദിച്ചു.
കിഴക്കേനടയിൽ ദേവസ്വത്തിന്റെ വൈജയന്തി ഷോപ്പിംഗ് കോംപ്ലക് സിൽ 900 ചതുരശ്ര അടിയാണു വ്യവസ്ഥകളോടെ നൽകിയത്. ഇവിടെ നഗരസഭ വിവാഹ രജിസ്ട്രേഷനാവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കും. ഡാറ്റാ എൻട്രി ഓപ്പറേറ്ററേയും പ്യൂണിനെയും ഇവിടെ നിയമിക്കും. പണികൾ കഴിഞ്ഞ് പ്രവർത്തനം ആരംഭിച്ചാൽ വിവാഹ പാർട്ടിക്കാർക്ക് ഇത് ഏറെ പ്രയോജനകരമാകും.
വിവാഹം കഴിഞ്ഞാൽ വധൂവരന്മാർ രജിസ്ട്രേഷന് നഗരസഭയിലെത്തേണ്ടിവരില്ല. രേഖകൾ ദേവസ്വം കെട്ടിടത്തിലെ സെന്ററിൽ രജിസ്ട്രാർ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനു നൽകിയാൽ സർട്ടിഫിക്കറ്റ് കൈമാറും. ഗുരുവായൂരിലെത്തുന്ന വിവാഹ പാർട്ടിക്കാരുടെ വർഷങ്ങളായുള്ള ആവശ്യമാണ് നടപ്പിലാവുന്നത്.
ദേവസ്വം അനുവദിച്ച സ്ഥലത്ത് ഭൗതിക സൗകര്യങ്ങൾ ഒരുക്കുന്നതിന് 18 ലക്ഷം രൂപ വകയിരുത്തിയത് കൗൺസിൽ യോഗത്തിൽ തർക്കത്തിനിടയാക്കി.
900 ചതുരശ്ര അടിയിൽ സൗകര്യം ഒരുക്കുന്നതിന് ഭീമമായ സംഖ്യയാണ് വകയിരുത്തിയിട്ടുള്ളതെന്ന് പ്രതിപക്ഷം ആരോപിച്ചു. പരമാവധി തുകകുറച്ചേ പ്രവൃത്തിയുടെ ടെൻഡർ നൽകൂവെന്ന് ചെയർമാൻ എം. കൃഷ്ണദാസ് വിശദീകരിച്ചു.
കൗൺസിൽ യോഗത്തിൽ ചെയർമാൻ എം. കൃഷ്ണദാസ് അധ്യക്ഷനായി. നഗരസഭ പ്രതിപക്ഷ നേതാവ് കെ.പി. ഉദയൻ, കൗൺസിലർമാരായ എ.എസ്. മനോജ്, ആർ.വി. ഷെ റീഫ്, കെ.എം. മെഹ്റൂഫ്, സി.എസ്. സൂരജ്, പ്രഫ. പി.കെ. ശാന്തകുമാരി എന്നിവർ ചർച്ചകളിൽ പങ്കെടുത്തു.