ദീപങ്ങൾ തെളിഞ്ഞു, പാവറട്ടി തിരുനാളിനു തുടക്കമായി
1417518
Saturday, April 20, 2024 1:32 AM IST
പാവറട്ടി: ദേവാലയം ദീപാലംകൃതമായി. സ്വിച്ച് ഓൺ കർമത്തോടെ പാവറട്ടി സെന്റ് ജോസഫ് തീർഥകേന്ദ്രത്തിലെ പ്രശസ്തമായ വിശുദ്ധ യൗസേപ്പിതാവിന്റെ ഊട്ടുതിരുനാളിനു തുടക്കമായി.
തിരുനാളിനെത്തുന്ന നാനാജാതിമതസ്ഥരായ പതിനായിരങ്ങളെ സ്വീകരിക്കാൻ ദേവാലയവും പരിസരവും ഒരുങ്ങിക്കഴിഞ്ഞു. പ്രദക്ഷിണവീഥിയും സമീപറോഡുകളും വർണതോരണങ്ങളാൽ മേലാപ്പു ചാർത്തി മനോ ഹരമാക്കിയിട്ടുണ്ട്.
പാവറട്ടി സെന്റ് തോമസ് ആശ്രമാധിപൻ ഫാ. ജോസഫ് ആലപ്പാട്ട് ദീപാലങ്കാരത്തിന്റെ സ്വിച്ചോൺ നിർവഹിച്ചു. ദേവാലയവും പരിസരവും ബഹുവർണദീപപ്രഭയിൽ മുങ്ങി. തീർഥകേന്ദ്രം റെക്ടർ ഫാ.ആന്റണി ചെമ്പകശേരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. ഫാ. മിഥുൻ ചുങ്കത്ത് , ഫാ. ഡേവിസ് പുലിക്കോട്ടിൽ, ട്രസ്റ്റിമാരായ വി.ജെ. ജോസി, ജോയ് ആന്റണി, ആന്റോ വർഗീസ്, ബാബു ജോർജ്,
ഇലുമിനേഷൻ കമ്മിറ്റി കൺവീനർ വി.എൽ. ഷാജു തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്നു തിരുനാൾ സാന്പിൾ വെടിക്കെട്ട് നടന്നു. തെക്കുഭാഗം തിരുനാൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന തിരുമുറ്റ മെഗാ ഫ്യൂഷൻ ആസ്വാദകർക്കു ദൃശ്യശ്രാവ്യവിരുന്നൊരുക്കി.
തീർഥകേന്ദ്രം പാരിഷ് ഹാളിൽ നേർച്ച ഊട്ടിനുള്ള രുചിവട്ടങ്ങൾ ഒരുക്കുന്നതിനുള്ള ജോലികൾ പുരോഗമിക്കുകയാണ്. ഇന്നുരാവിലെ പത്തിന് അതിരൂപത വികാരി ജനറാൾ മോൺ. ജോസ് വല്ലൂരാന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന നൈവേദ്യപൂജയെതുടർന്ന് നേർച്ചയൂട്ട് ആശീർവാദവും വിതരണവും നടക്കും.
ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടു വരെ പാരീഷ് ഹാളിൽ നേർച്ചയൂട്ട് തുടരും. ഒന്നരലക്ഷത്തിലേറെ ഭക്തജനങ്ങൾ ഊട്ടിന് എത്തുമെന്നാണ് പ്രതീക്ഷ.
വൈകീട്ട് അഞ്ചിന് അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിലിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹബലി ആരംഭിക്കും. തുടർന്നു ഭക്തിസാന്ദ്രവും. അനുഗ്രഹദായകവുമായ കൂടുതുറക്കൽ ശുശ്രൂഷ നടക്കും.
രാത്രി എട്ടിനു തിരുനാൾ സൗഹൃദവേദിയുടെ നേതൃത്വത്തിൽ തിരുനടയ്ക്കൽമേളം അരങ്ങേറും.
രാത്രി വിവിധ കുടുംബയൂണിറ്റുകളിൽനിന്നുള്ള വള എഴുന്നള്ളിപ്പുകൾ വാദ്യമേളങ്ങളോടെ തീർഥകേന്ദ്രത്തിലെത്തി സമാപിക്കും.