സംഘപരിവാർവിരുദ്ധ പോരാട്ടത്തിൽ കേരളമാണ് മാതൃക: പ്രകാശ് കാരാട്ട്
1417350
Friday, April 19, 2024 1:48 AM IST
കയ്പമംഗലം: സംഘപരിവാർവിരുദ്ധ പോരാട്ടത്തിൽ കേരളമാണ് മാതൃകയെന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. എൽഡിഎഫ് ശ്രീനാരായണപുരം പഞ്ചായത്ത് തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംഘപരിവാറിനെതിരെ ആശയപരമായും കരുത്തുറ്റ പ്രതിരോധം തീർക്കുന്നതു കേരളമാണ്. അതുകൊണ്ടാണ് സംസ്ഥാന നിയമസഭയിൽ അവർക്ക് ഒരു സീറ്റ് പോലും ഇല്ലാത്തത്. ഈ തെരഞ്ഞെടുപ്പിൽ ഇരുപതു സീറ്റും നേടിക്കൊണ്ട് കേരളം അതിന്റെ രാഷ്ട്രീയമാതൃക തീർക്കും. നിലപാടിലെ കരുത്താണ് വിജയത്തിനാധാരം.
രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിൽ കോൺഗ്രസ് ഇരുട്ടിൽ തപ്പുകയാണ്. ജയ് ശ്രീറാം വിളിച്ച് ബിജെപി പ്രചാരണം നടത്തുമ്പോൾ ജയ് ഹനുമാൻ വിളിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം. പ്രതിപക്ഷമില്ലാത്ത കേന്ദ്ര ഭരണമാണ് സംഘപരിവാറിന്റെ ലക്ഷ്യം. പൗരത്വനിയമ ഭേദഗതിയെ കുറിച്ച് ചോദിച്ചാൽ കോൺഗ്രസിൻ്റെ അഖിലേന്ത്യാ പ്രസിഡന്റുവരെ തടിതപ്പുകയാണ്. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരൻമാരാക്കി അവരുടെ ജീവിതോപാധികൾ ഇല്ലാതാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഗുരുതരമായ ഈ പ്രശ്നത്തെ മൃദുഹിന്ദുത്വംകൊണ്ട് നേരിടാമെന്നാണോ കോൺഗ്രസ് കരുതുന്നതെന്നു കാരാട്ട് ചോദിച്ചു.
എസ്എൻ പുരം മാർക്കറ്റ് ഹാളിൽ നടന്ന സമ്മേളനത്തിൽ എസ്എൻ പുരം മേഖലാ തെരഞ്ഞെടുപ്പ് ചെയർമാൻ സി.എൻ. സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ.കെ. അഷറഫ് മുഖ്യപ്രഭാഷണം നടത്തി.