പ്രായാധിക്യം മറന്ന് അക്ഷരത്തണലിൽ അവർ ഒത്തുചേർന്നു
1417346
Friday, April 19, 2024 1:48 AM IST
കൊരട്ടി: പഠനം കഴിഞ്ഞ് സ്കൂളിന്റെ പടിയിറങ്ങിയവർ അമ്പതു വർഷങ്ങൾക്കുശേഷം അക്ഷരത്തണലിൽ ഒത്തുകൂടി. വിദ്യാർഥികളുടെ പ്രായം 64 മുതൽ 68 വരെ. അധ്യാപകരുടേത് 75 മുതൽ 98 വരെ.
കൊരട്ടി എംഎഎം ഹൈസ്ക്കൂളിലെ 1974 - 75 എസ്എസ്എൽസി ബാച്ചിലെ 125 ലേറെ വിദ്യാർഥികളും 14 അധ്യാപകരുമാണ് ഗുരു-ശിഷ്യ ബന്ധത്തിന്റെ ഊഷ്മളതയിൽ ഇന്നലെ ഒത്തുകൂടിയത്. എസ്എസ്എൽസി പഠിച്ച ക്ലാസ് മുറികളിലെ ബെഞ്ചിലിരുന്നായിരുന്നു സമാഗമം. സ്മരണകൾ ഇരമ്പിയെത്തിയ അപൂർവ കൂടിച്ചേരലിൽ അയവിറക്കാൻ വിശേഷങ്ങളും എറെയായിരുന്നു. വാർധക്യത്തിന്റെ അസ്വസ്ഥതകൾ തളർത്തുമ്പോഴും അതിനെ അവഗണിച്ചായിരുന്നു പലരും വീടുകളിൽനിന്നും സ്കൂളിലെത്തിയത്.
ഒപ്പം പഠിച്ചും കളിച്ചും നടന്നവർക്ക് പരസ്പരം കാണാനും ഓർമകൾ പുതുക്കാനും പിന്നിട്ട അമ്പതു വർഷത്തെ സുഖദുഃഖങ്ങൾ നിറഞ്ഞ ജീവിതവഴികൾ പങ്കുവയ്ക്കാനുമായുള്ള ഒത്തുകൂടൽ ഹൃദ്യമായി.
സർക്കാർജോലികളിൽനിന്നും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്നും വിരമിച്ചവർക്കു പുറമെ വിദേശത്തേക്ക് ചേക്കേറിയവരും കൃഷിയെ സ്നേഹിച്ചിരുന്നവരും നിരവധി. ജീവിതത്തിന്റെ പല കോണുകളിൽ നിന്നെത്തിയവർ വലിപ്പ - ചെറുപ്പങ്ങളില്ലാതെയാണ് സൗഹൃദങ്ങൾ പങ്കിട്ടത്. ഒപ്പം കാലയവനികയ്ക്കുള്ളിൽ മടങ്ങിപ്പോയ കൂട്ടുകാരെ സ്മരിക്കാനും ഇവർ മറന്നില്ല.
സ്കൂൾ മാനേജരും കൊരട്ടി ഫൊറോന വികാരിയുമായ ഫാ.ജോസ് ഇടശേരി സംഗമം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എൻ.എം. അഗസ്റ്റിൻ അധ്യക്ഷനായി.
സംഗമത്തിൽ പങ്കെടുത്ത അധ്യാപകരെ പൊന്നാട അണിയിച്ചും ഉപഹാരങ്ങൾ നൽകിയും ആദരിച്ചു. പ്രിൻസിപ്പൽ രതീഷ്.ആർ.മേനോൻ, പ്രധാനാധ്യാപിക സിനു കുര്യൻ, ഒഎസ്എ പ്രസിഡന്റ് ഇ.എ. സത്യദാസ്, എൻ.കെ. തോമസ് മാസ്റ്റർ, പി.ഒ. ജോർജ്, ഐ. പരമേശ്വരൻ മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. വി.ഒ.ജോയ്, കെ.എസ്.ജോസഫ്, എം.മുരളീധരൻ, എൻ.എസ്.ജോസ്, എം.പി.ഡേവീസ് എന്നിവർ നേതൃത്വം നൽകി.
അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന പ്രതീക്ഷയിൽ ഉച്ചഭക്ഷണത്തിനു ശേഷമാണ് എല്ലാവരും വീടുകളിലേക്ക് മടങ്ങിയത്.