നെയ്തലക്കാവിലമ്മയെത്തി... തെക്കേഗോപുരം തുറന്നു
1417266
Friday, April 19, 2024 12:40 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പൂരം വരവുകൾക്കു വഴിയൊരുക്കാൻ, ഈ മഹാനഗരത്തിലേക്കു പൂരത്തെ വരവേൽക്കാൻ നെയ്തലക്കാവിലമ്മയെത്തി വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരനട തുറന്നു.
കൊമ്പൻ എറണാകുളം ശിവകുമാർ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റിയെത്തി ഗോപുരവാതിൽ തുറന്നതോടെ പൂരക്കാഴ്ചകളുടെ പ്രവാഹം അകത്തേക്കും പുറത്തേക്കും ആരംഭിച്ചു. ഇനിയീ നഗരത്തിനു ചോദിക്കാനും പറയാനും കേൾക്കാനും പങ്കിടാനും പൂരവിശേഷങ്ങൾമാത്രം.
രാവിലെ എട്ടേകാലോടെ കുറ്റൂർ നെയ്തലക്കാവിൽനിന്ന് പൂരവിളംബരത്തിനായി നെയ്തലക്കാവ് ഭഗവതി പുറപ്പെടുമ്പോൾ തട്ടകക്കാരും പൂരപ്രേമികളുമടക്കം നിരവധിപേർ പ്രൗഢോജ്വലമായ ആ പുറപ്പാടിനു സാക്ഷ്യം വഹിക്കാനെത്തിയിരുന്നു.
പുഷ്പവൃഷ്ടിയോടെ, ഹർഷാരവങ്ങളോടെ അവർ തങ്ങളുടെ തട്ടകത്തമ്മയെ യാത്രയാക്കി. പൂരപ്രേമികൾക്കു പൂരം പോലെതന്നെ ആവേശം പകരുന്ന പൂരവിളംബരം കാണാൻ രാവിലെമുതൽ തന്നെ തെക്കേഗോപുരനടയ്ക്കു സമീപം ആൾക്കൂട്ടം നിറഞ്ഞിരുന്നു.
കുറ്റൂരിൽനിന്നു വിയ്യൂർ മേൽപ്പാലംവഴി വിയ്യൂർ സെന്ററിലെത്തി അവിടെനിന്നും പാട്ടുരായ്ക്കൽ ജംഗ്ഷനിലേക്കു കടന്ന് തിരുവന്പാടി ക്ഷേത്രത്തിനു മുന്നിലൂടെ സ്വരാജ് റൗണ്ടിലേക്കു കയറി പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിലെത്തി അവിടെനിന്നും തേക്കിൻകാട് മൈതാനത്തേക്കു കയറി തെക്കേഗോപുരനടയ്ക്കു മുന്നിലൂടെ പടിഞ്ഞാറെനടയ്ക്കുമുന്നിലെത്തി. പടിഞ്ഞാറേനടയിൽ കിഴക്കൂട്ട് അനിയൻമാരാരുടെ പ്രാമാണ്യത്തിൽ നടന്ന മേളത്തിനൊടുവിൽ ശിവകുമാർ നെയ്തലക്കാവിലമ്മയേയുംകൊണ്ട് വടക്കുന്നാഥ ക്ഷേത്രത്തിനകത്തുകടന്ന് തെക്കേഗോപുരത്തിനരികെയെത്തി.
അപ്പോഴേക്കും പുറത്തുനിന്ന് ആർപ്പുവിളികൾ ഉയർന്നുതുടങ്ങിയിരുന്നു. ചൂടു വകവയ്ക്കാതെ തെക്കേഗോപുരനടയ്ക്കു താഴെ കാത്തുനിന്നവർ ശിവകുമാറിനെ ഗോപുരവാതിലിനപ്പുറം കണ്ടപ്പോഴേക്കും പൂരപ്രേമികൾ ഇളകിമറിഞ്ഞു. ഗോപുരനട തുറന്ന് പുറത്തേക്കിറങ്ങി ശിവകുമാർ തുന്പിക്കൈ ഉയർത്തി ആൾക്കൂട്ടത്തെ മൂന്നുതവണ അഭിവാദ്യം ചെയ്തപ്പോൾ തേക്കിൻകാട് മൈതാനം ആർപ്പോ വിളികളാൽ നിറഞ്ഞു.
വെയിലും മഴയും കൊള്ളാതെയെത്തി വടക്കുന്നാഥനെ വണങ്ങി തിരിച്ചുപോകുന്ന കണിമംഗലം ശാസ്താവിനുള്ള വഴിയൊരുക്കലും കണിമംഗലം ബാലശാസ്താവിനു കടന്നുവരാൻ തെക്കേഗോപുരന തുറന്നിടലുമെന്ന ദൗത്യം നിറവേറ്റി നെയ്തലക്കാവിലമ്മ സ്വന്തം തട്ടകത്തേക്കു മടങ്ങുമ്പോൾ തൃശൂർ നഗരം പൂരത്തെ മാറോടണച്ചുകഴിഞ്ഞിരുന്നു.