വടക്കാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുന്നു; സർവേ ആരംഭിച്ചു
1417065
Thursday, April 18, 2024 1:48 AM IST
വടക്കാഞ്ചേരി: ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള വടക്കാഞ്ചേരി ബൈപാസിന്റെ സാറ്റലൈറ്റ് സർവേ നടപടികൾ ആരംഭിച്ചു. സംസ്ഥാനപാതയിൽ കരുതക്കാട് പള്ളി പരിസരത്തുനിന്നാരംഭിച്ച് അകമലയിൽ അവസാനിക്കുന്ന രീതിയിൽ 5.6 കിലോമീറ്റർ ദൂരത്തിലാണ് സർവേ. അനിൽ അക്കര എംഎൽ എ ആയിരുന്ന കാലത്ത് സംസ്ഥാന സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച വടക്കാഞ്ചേരി ബൈപാസ് എന്ന സ്വപ്നം കടലാസിലുറങ്ങുന്നുവെന്ന വാർത്ത മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.
പദ്ധതിക്കായി കിഫ്ബി മുഖേന 20 കോടി രൂപ ആദ്യഘട്ടമെന്നനിലയിൽ അനുവദിച്ചിട്ട് നാലു കൊല്ലമായി. പദ്ധതിയുടെ സ് പെ ഷൽ പർപ്പസ് വെഹിക്കിളായി കെആർഎഫ്ബിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ സർവേ പോലും ഇപ്പോഴാണ് ആരംഭിക്കുന്നത്. രണ്ടാംഘട്ട സർവേ, ഇൻവെസ്റ്റിഗേഷൻ എന്നിവ നടത്തുന്നതിനായി പൊതുമരാമത്തു വകുപ്പിന്റെ റീജണൽ ഇൻവെസ്റ്റിഗേഷൻ ആന്റ് ക്വാളിറ്റി കൺട്രോൾ ലബോറട്ടറിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്.
ആർഐക്യൂസിഎല്ലിന്റെ നേതൃത്വത്തിൽ പാലക്കാട് ആസ്ഥാനമായിട്ടുള്ള ടെക്നോവിഷൻ എന്ന സ്വകാര്യ കമ്പനിയാണ് ഇപ്പോൾ സർവേ നടത്തുന്നത്. പൊതുമരാമത്തുവകുപ്പിനുവേണ്ടി പദ്ധതി തയാറാക്കുന്ന യൂണിറ്റാണ് റോഡ് അലൈൻമെന്റ് സംബന്ധിച്ച അന്തിമ തീരുമാനങ്ങളെടുക്കുക.
സർവേക്കും ഇൻവെസ്റ്റിഗേഷനും ശേഷം ബൈപാസ് അലൈൻമെന്റ് സ്ഥിരീകരിച്ചാൽ മേൽപ്പാലം നിർമാണപദ്ധതി റെയിൽവേ കൺസൾട്ടൻസിയായ റൈറ്റ്സ് നിർവഹിക്കുമെന്ന് ധാരണയുമായിട്ടുണ്ട്.