യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ
1416844
Wednesday, April 17, 2024 1:53 AM IST
കയ്പമംഗലം: മൂന്നുപീടികയിൽ പടക്കക്കച്ചവടം നടത്തിയിരുന്ന സ്ഥലത്ത് അക്രമം നടത്തി യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കയ്പമംഗലം കൂരിക്കുഴി സ്വദേശി പണിക്കവീട്ടിൽ ഇജാസി(24)നെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സുഹൃത്തിന്റെ പടക്കക്കച്ചവട സ്ഥലത്തു നിന്നിരുന്ന പെരിഞ്ഞനം പത്രമുക്ക് സ്വദേശി കാരിക്കുറ്റി വീട്ടിൽ സുധീഷിനു കുത്തേറ്റത്.
ബൈക്കിലെത്തിയ ഇജാസും അജ്മലും പടക്കം വാങ്ങുകയും പൈസയെച്ചൊല്ലി പടക്കക്കച്ചവടം നടത്തിയിരുന്നയാളുമായി വാക്കുതർക്കം ഉണ്ടാവുകയും തടയാനെത്തിയ സുധീഷിനെ ഇവർ കത്തിയെടുത്ത് കുത്തുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഈ കേസിലെ ഒന്നാംപ്രതി അജ്മൽ ഒളിവിലാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി. കയ്പമംഗലം പോലീസ് ഇൻസ്പെക്ടർ എം. ഷാജഹാൻ, എസ്ഐമാരായ എൻ. പ്രദീപ്, ബിജു, സിപിഒമാരായ മുഹമ്മദ് റാഫി, സുനിൽ, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ജോബി എന്നിവരടങ്ങുന്ന സംഘമാണു പ്രതിയെ പിടികൂടിയത്.