മോദിയുടെ ഗാരന്റി ഒറിജനൽ അല്ലെന്ന് ജനം തിരിച്ചറിയും: ഷാഫി പറമ്പിൽ
1397494
Tuesday, March 5, 2024 1:26 AM IST
ഒല്ലൂർ: മോദിയുടെ ഗാരന്റി അത്ര ഒറിജിനൽ അല്ലെന്നു ജനം തിരിച്ചറിയുമെന്നു ഷാഫി പറമ്പിൽ എംഎൽഎ. വെറുപ്പിനെതിരെ ടി.എൻ. പ്രതാപൻ എംപി നയിക്കുന്ന സ്നേഹസന്ദേശയാത്രയുടെ ഒല്ലൂർ ബ്ലോക്ക് പര്യടനം ചിയ്യാരത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃശൂരിന്റെ മനുഷ്യസ്നേഹത്തിന്റെ ഒറിജിനൽ പതിപ്പാണ് ടി.എൻ. പ്രതാപൻ. ആത്മാഭിമാനമുള്ള ഒരാൾക്കും നെറികെട്ട ഭരണത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. വന്യജീവികളെക്കൊണ്ട് കാട്ടിലും സിപിഎം ഗുണ്ടകളെക്കൊണ്ട് നാട്ടിലും എസ്എഫ്ഐയെക്കൊണ്ട് കാമ്പസിലും രക്ഷ ഇല്ലാതായിരിക്കുകയാണ്. പാവപ്പെട്ട വിദ്യാർഥിയെ തല്ലിക്കൊന്നിട്ടു മിണ്ടാതിരിക്കുകയാണ് ഇവിടത്തെ ഭരണകൂടം.
പെട്രോളിന്റെയും ഗ്യാസിന്റെയും വിലകൂടിയതു രാജ്യം ഭരിക്കുന്നവർക്കു പ്രശ്നമല്ല. രൂപയുടെ മൂല്യം തകർന്നതും വിഷയമല്ല. പള്ളി പൊളിച്ചും ദേവാലയങ്ങൾ തകർത്തും ഉണ്ടാക്കിയ നേട്ടത്തെക്കുറിച്ചുമാത്രമേ പറയാനുള്ളൂവെന്നും ഷാഫി പറന്പിൽ പറഞ്ഞു. റിസൻ വർഗീസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ മുഖ്യാതിഥിയായി. സുനിൽ അന്തിക്കാട്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയൽ, സുനിൽ ലാലൂർ,ജെയ്ജു സെബാസ്റ്റ്യൻ, ശശികുമാർ, സിജോ കടവിൽ, ടി.എം. രാജീവ്, കെ.സി. അഭിലാഷ്, കെ.എം. വിജയകുമാർ, ലീലാമ്മ തോമസ് ജോണി, ആന്റോ ചെറയ്ക്കൽ,ആന്റോ ചീനിക്കൽ, സിനോയ്, ഡേവിസ് ചക്കാലയ്ക്കൽ തുടങ്ങിയവർ സംസാരിച്ചു.