മുല്ലശേരി സാമൂഹികാരോഗ്യകേന്ദ്രം ; ദന്തരോഗവിഭാഗവും ഐസൊലേഷന്‍ വാര്‍ഡും പ്രവർത്തനം തുടങ്ങി
1397481
Tuesday, March 5, 2024 1:26 AM IST
പാവറട്ടി: മുല്ലശേരി സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ദന്തരോഗവിഭാഗവും ഐസൊലേഷന്‍ വാര്‍ഡും പ്രവർത്തനം തുടങ്ങി. ഗുണമേന്മയ്ക്കുള്ള ഐഎസ്ഒ സർട്ടിഫിക്കേഷന് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ കരസ്ഥമാക്കിയ മുല്ലശേരി സാമൂഹികാരോഗ്യകേന്ദ്രത്തിന് കൂടുതൽ മികവുറ്റ സേവനം നൽകാൻ കഴിയുമെന്ന് മന്ത്രി വീണാ ജോർജ് അഭിപ്രായപ്പെട്ടു. ദന്തരോഗ വിഭാഗത്തിന്റെയും ഐസൊലേഷന്‍ വാര്‍ഡിന്റേയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 2020 - 21 സാമ്പത്തിക വര്‍ഷം ആര്‍ദ്രം പദ്ധതിയില്‍ സംസ്ഥാനത്ത് ഒന്നാംസ്ഥാനം നേടിയതിന്റെ അവാര്‍ഡായി മുല്ലശേരി ബ്ലോക്ക് പഞ്ചായത്തിന് ലഭിച്ച 10 ലക്ഷം രൂപയും വാര്‍ഷിക പദ്ധതിയിലും ഉള്‍പ്പെടുത്തിയാണ് നിര്‍മാണം പൂർത്തീകരിച്ചത്.
ചടങ്ങില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷനായി. ഡിഎംഒ ഡോ. ശ്രീദേവി, മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാല്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീദേവി ജയരാജന്, ജിയോ ഫോക്സ്, എം.എം. റെജീന, ജില്ലാ പഞ്ചായത്തംഗം ബെന്നി ആന്റണി, ഷാജു അമ്പലത്ത്, ഇ.വി. പ്രഭീഷ് , സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ഡോ. സജിത ബീഗം, ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
യുഡിഎഫ് ഉദ്ഘാടനച്ചടങ്ങ്
ബഹിഷ്കരിച്ചു
പാവറട്ടി: മുല്ലശേരി ബ്ലോക്ക് ആശുപത്രിയിലെ ദന്തഡോക്ടർ നിയമനത്തിൽ ചട്ടലംഘനമെന്ന് ആരോപണം. യുഡിഎഫ് ജനപ്രതിനിധികൾ ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചു.
മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ അടിയന്തരയോഗത്തിലെ ഏക അജണ്ടയായിരുന്നു ബ്ലോക്ക് ആശുപത്രിയിലെ ഡോക്ടർ നിയമനം അംഗീകരിക്കൽ. എന്നാൽ ആ തീരുമാനം ബഹിഷ്കരിച്ചുകൊണ്ട് യുഡിഎഫ് അംഗങ്ങളായ ഒ.ജെ. ഷാജൻ, ഷെരീഫ് ചിറക്കൽ, ഗ്രേസി ജേക്കബ്, മിനി ലിയോ എന്നിവർ യോഗം ബഹിഷ്കരിച്ച് ഇറങ്ങിപ്പോക്കുനടത്തി. തീരുമാനത്തിലുള്ള വിയോജനക്കുറിപ്പ് സെക്രട്ടറിക്ക് നൽകി. ബ്ലോക്ക് ആശുപത്രിയിൽ ഡോക്ടറെ നിയമിക്കുമ്പോൾ പാലിക്കേണ്ട സർക്കാർ നിർദേശങ്ങളും മാനദണ്ഡങ്ങളും പാലിക്കാതെ ഇന്റർവ്യൂ നടത്തി എന്നുള്ളത് കൃത്യമായ ചട്ടലംഘനമാണ്.
സർക്കാർ നിർദേശങ്ങൾ അടങ്ങിയ തദ്ദേശസ്വയംഭരണവകുപ്പിന്റെ സർക്കുലർ പ്രകാരം തുടർനടപടി സ്വീകരിക്കാൻ ഭരണസമിതി യോഗം തീരുമാനമെടുത്തിട്ടും അതുപാലിക്കാതെ നിയമവിരുദ്ധമായി മുന്നോട്ടുപോകുന്നത് ശരിയല്ലെന്നും പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു.
സർക്കാർ മാനദണ്ഡമനുസരിച്ച് കളക്ടർക്ക് സൗകര്യമുണ്ടെങ്കിൽ ഇന്റർവ്യൂ നടത്താൻ ബ്ലോക്ക് പ്രസിഡന്റ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഡിഎംഒ പ്രതിനിധി എന്നിവർ ഉണ്ടായിരിക്കണമെന്ന് അനുബന്ധ സർക്കുലറും നിർദേശവും ഉണ്ടായിരിക്കേ ഇന്റർവ്യൂവിൽ അത് പാലിച്ചതായി കാണുന്നില്ല.
ഈ സാഹചര്യത്തിൽ തീരുമാനം പിൻവലിച്ച് ചട്ടപ്രകാരമുള്ള ഇന്റർവ്യൂ നടത്തി ദന്തഡോക്ടറെ നിയമിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. ഈ ആവശ്യം ഭരണസമിതി നിരാകരിച്ചതിൽ പ്രതിഷേധിച്ചുകൊണ്ട് യുഡിഎഫ് അംഗങ്ങൾ ഇന്നലത്തെ ഭരണസമിതി യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിക്കുകയായിരുന്നു.