സുരേഷ് ഗോപി ഇന്നിറങ്ങും; തൃശൂർ പോരാട്ടച്ചൂടിലേക്ക്
1397258
Monday, March 4, 2024 12:24 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞതോടെ തൃശൂർ പോരാട്ടച്ചൂടിലേക്ക്. ഇതുവരെ എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികളാണു കളം പിടിച്ചതെങ്കിൽ ഇന്നത്തെ റോഡ്ഷോയോ ടെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയും സജീവമാകും. ബിജെപി ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ രണ്ടാംവട്ടമാണു സുരേഷ് ഗോപി ഇറങ്ങുന്നത്. 2021 നിയമസഭാ തെരഞ്ഞെടുപ്പിലും തൃശൂരിൽ സ്ഥാനാർഥിയായിരുന്നു. എൽഡിഎഫ് സ്ഥാനാർഥിയായി വി.എസ്. സുനിൽകുമാറും യുഡിഎഫിന്റെ സ്ഥാനാർഥിയായി ടി.എൻ. പ്രതാപനും പ്രചാരണത്തിൽ ഏറെ മുന്നിലാണ്.
വി.എസ്. സുനിൽകുമാർ മണ്ഡലത്തിലെ പ്രധാനപ്പെട്ടയിടങ്ങളില്ലെല്ലാം റോഡ്ഷോകൾ പൂർത്തിയാക്കി. പ്രമുഖരുടെ പിന്തുണ തേടി വീടുകളിലെത്തിയും അവർക്കൊപ്പം ഭക്ഷണം കഴിച്ചും സജീവമാണ്. സിപിഐ ഏറ്റവുംകൂടുതൽ പ്രതീക്ഷയർപ്പിക്കുന്ന മണ്ഡലംകൂടിയാണു തൃശൂർ ടി.എൻ. പ്രതാപൻ സ്നേഹസന്ദേശ യാത്ര വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുകയാണ്. കെ. മുരളീധരൻ, ശശി തരൂർ എന്നിവരടക്കം അടക്കം സംസ്ഥാനത്തെ മുൻനിര നേതാക്കൾ പ്രതാപനുവേണ്ടി രംഗത്തെത്തി.
ഒൗദ്യോഗിക പ്രഖ്യാപനം വൈ കിയതു സുരേഷ് ഗോപിയുടെ പ്രചാരണത്തെ ബാധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ റോഡ് ഷോ നടത്തിയതും പിന്നീടു ഗുരുവായൂരിൽ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്തതും വൻ മുൻതൂക്കം നൽയിരുന്നു. എന്നാൽ, പ്രഖ്യാപനം വൈകിയതോടെ ചുവരെഴുത്തുകൾപോലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഇടയ്ക്കു സിനിമാ തിരക്കുകളിലുംപെട്ടു. ഇന്നു നടക്കുന്ന റോഡ് ഷോയോടെ ഒൗദ്യോഗിക പ്രചാരണത്തിനു തുടക്കമാകും.
ഗുരുവായൂർ, മണലൂർ, ഒല്ലൂർ, തൃശൂർ, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ ഏഴു മണ്ഡലങ്ങൾ ഉൾ്പെട്ട തൃശൂരിൽ സുരേഷ് ഗോപിയുടെ വരവോടെ പടിപടിയായി വോട്ട് നില മെച്ചപ്പെടുത്താനായതാണു ബിജെപിയുടെ പ്രതീക്ഷ. ഗുരുവായൂർ നിയോജക മണ്ഡലത്തിൽ 2009-ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ 7.59 ശതമാനയായിരുന്നു ബിജെപിയുടെ വോട്ടെങ്കിൽ സുരേഷ് ഗോപി മത്സരിച്ച 2019ൽ ഇത് 23.5 ശതമാനമായി. എൽഡിഎഫിനു 10 ശതമാനവും യുഡിഎഫിന് ഒന്നരശതമാനവും വോട്ട് കുറഞ്ഞു.
മണലൂരിൽ 6.82 ശതമാനത്തിൽനിന്ന് 28.01 ശതമാനമായും ഒല്ലൂരിൽ 5.25 ശതമാനത്തിൽനിന്ന് 26.1 ശതമാനമായും തൃശൂരിൽ 6.39 ശതമാനത്തിൽനിന്ന് 30.1 ശതമാനമായും നാട്ടികയിൽ 7.15 ശതമാനത്തിൽനിന്ന് 31.7 ശതമാനമായും ഇരിങ്ങാലക്കുടയിൽ 6.4 ശതമാനത്തിൽനിന്ന് 29.11 ശതമാനമായും പുതുക്കാട് 7.33 ശതമാനത്തിൽനിന്ന് 29.9 ശതമാനമായും വോട്ട്നില ഉയർന്നു. ഈ മണ്ഡലങ്ങളിലെല്ലാം എൽഡിഎഫിന്റെ വോട്ട് പത്തുശതമാനത്തോളം കുറഞ്ഞു. യുഡിഎഫിനും ആറുമുതൽ ഒന്പതുശതമാനംവരെ വിവിധ മണ്ഡലങ്ങളിൽ കുറവുണ്ടായി.
2014-ൽ ബിജെപിയിലെ കെ.പി. ശ്രീശൻ മത്സരത്തിനിറങ്ങിയപ്പോൾ ഏഴു മണ്ഡലങ്ങളിൽ ഒന്നിൽപോലും 13 ശതമാനത്തിനു മുകളിൽ വോട്ടു ലഭിച്ചില്ല. സിനിമാ താരമെന്ന നിലയിലും ടിവി പരിപാടികളിലൂടെയും സുരേഷ് ഗോ പിക്കു ലഭിച്ച സ്വീകാര്യത തൊട്ടടുത്ത തെരഞ്ഞെടുപ്പിൽ വോട്ടായെന്നു ചുരുക്കം. 2014നെ അപേക്ഷിച്ച് ഒരുലക്ഷത്തിലേറെ വോട്ടുകൾ സുരേഷ് ഗോപിക്കു ലഭിച്ചു. 2014ൽ 1,91,141 വോട്ട് ലഭിച്ചെങ്കിൽ 2019ൽ ഇത് 2,93,822 ആയി. യുഡിഎഫ് വൻവിജയം നേടിയ 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിനു പിന്നാലെ 2021ൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫാണു നേട്ടം കൊയ് തത്. പാർലമെന്റ് തെരഞ്ഞെടുപ്പിൽ നഷ്ടപ്പെട്ട വോട്ടുകളും എൽഡിഎഫിൽ തിരിച്ചെത്തി.