സീലിംഗ് തകർന്നുവീണ തിരുവില്വാമല ജിഎൽപി സ്കൂളിന് കെട്ടിടം പണിയാൻ ഒരുകോടി
1397175
Sunday, March 3, 2024 7:55 AM IST
തിരുവില്വാമല: തിരുവില്വാമല ജിഎൽപി സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ ഒരുകോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.
പൊതുവിദ്യാഭ്യാസവകുപ്പിന്റെ പ്ലാൻഫണ്ടിൽനിന്നാണ് തുക. ജനുവരി അഞ്ചിനാണ് നഴ്സറി ക്ലാസിന്റെ സീലിംഗ് അടർന്നുവീണത്. തലനാരിഴയ്ക്കാണ് അന്ന് കുട്ടികൾ രക്ഷപ്പെട്ടത്. മേൽക്കൂരയുടെ ഓടുകൾ പൊട്ടിവീണ് സീലിംഗ് തകർന്നതു വലിയ വിവാദം സൃഷ്ടിച്ചിരുന്നു. തുടർന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർ മന്ത്രിയുടെ പ്രത്യേക നിർദശപ്രകാരം സ്കൂൾ സന്ദർശിക്കുകയും പുതിയ കെട്ടിടത്തിനാവശ്യമായ 2.49 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി സമർപ്പിക്കുകയും ചെയ്തു.
ആദ്യഘട്ടനിർമാണത്തിനായാണ് ഒരുകോടി അനുവദിച്ചിരിക്കുന്നത്. സാങ്കേതികാനുമതിയും ടെന്‍ഡർ നടപടിയും വേഗത്തിലാക്കി കെട്ടിടത്തിന്റെ പണി ഉടൻ ആരംഭിക്കാൻ കെട്ടിടവിഭാഗം ഉദ്യോഗസ്ഥർക്കു മന്ത്രി നിർദേശം നൽകി.