കുന്നംകുളം നഗരസഭയില്‍ ഗ്രീന്‍ ടെക്നോളജി പാര്‍ക്ക്
1397172
Sunday, March 3, 2024 7:55 AM IST
കുന്നംകുളം: ശുചിത്വപ്രവര്‍ത്തനങ്ങളില്‍ കുന്നംകുളം നഗരസഭ സംസ്ഥാനത്തിനു മാതൃകയെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ്. കുന്നംകുളം നഗരസഭയുടെ ഗ്രീന്‍ ടെക്നോളജി പാര്‍ക്ക് കുറുക്കന്‍പാറയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സമീപകാലത്തു കക്കൂസ് മാലിന്യമുള്പ്പെടെയുള്ളവയില്നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച രീതിയില്‍ ട്രീറ്റ്മെന്റ് പ്ലാന്റ് സംവിധാനങ്ങള്‍ ഉണ്ടാക്കുകയും പരിസര ശുചീകരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതും നല്ലൊരു മാതൃകയാവണമെന്നും മന്ത്രി പറഞ്ഞു.
എ.സി. മൊയ്തീന് എംഎല് എ അധ്യക്ഷനായി. നഗരസഭ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന് മന്ത്രിക്ക് ഉപഹാരം നല്കി. തുടര്‍ച്ചയായി 11 തവണ യൂസര്‍ഫി കളക്ഷന്‍ നേടി സ്വച്ഛതാ ലീഗ് ചാമ്പ്യനായ സ്ഥിരം സമിതി അധ്യക്ഷന്‍ പി.എം. സുരേഷിനെ മന്ത്രി ആദരിച്ചു.
നഗരസഭ മാലിന്യസംസ്കരണ അംബാസിഡര്‍ വി.കെ. ശ്രീരാമന്, ഗാനരചയിതാവ് ബി.കെ. ഹരിനാരായണന് എന്നിവര്‍ മുഖ്യാതിഥികളായി. വൈസ് ചെയര്‍പേഴസണ്‍ സൗമ്യ അനിലന്‍, മറ്റ് സ്ഥിരംസമിതി അധ്യക്ഷന്മാരായ സജിനി പ്രേമന്, ടി സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ. ഷെബീര്‍, വാര്‍ഡ് കൗണ്‍സിലര്‍ എ. എസ് സനല്‍, മുന്‍ ചെയര്മാന്മാരായ കെ.സി. ബാബു, ടി. എസ്. സുബ്രഹ്മണ്യന്, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ വി. മനോജ് കുമാര്‍, സെക്രട്ടറി കെ. ബി. വിശ്വനാഥന്, സി.സി.എം. ആറ്റ്ലി പി. ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മാലിന്യ സംസ്കരണ പഠനത്തിനും ഗവേഷണത്തിനുമായി സജ്ജമാക്കിയിട്ടുള്ള ഗ്രീന്‍ ടെക്നോളജി സെന്റര്‍ 58 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.