കോൺഗ്രസിൽ വീണ്ടും കലാപം: പുതിയ മണ്ഡലം പ്രസിഡന്റിനെതിരെ കെപിസിസിക്കു പരാതി
1397170
Sunday, March 3, 2024 7:55 AM IST
വടക്കാഞ്ചേരി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വടക്കാഞ്ചേരിയിലെ കോൺഗ്രസിലെ കലാപം പുതിയ തലത്തിലേക്ക്. ജനപ്രതിനിധികളും പാർട്ടി ഭാരവാഹികളായ പ്രധാന നേതാക്കളും ഉൾപ്പെടെ ഒട്ടേറെ പേർ സജീവ പ്രവർത്തനത്തിൽനിന്നു പിന്മാറുന്നതായി അറിയിച്ച് കെപിസിസിക്കു കത്തയച്ചു.
കെപിസിസി അടുത്തിടെ നിയമിച്ച പുതിയ മണ്ഡലം പ്രസിഡന്റിനെതിരെയാണു പരാതി. "കളങ്കിത വ്യക്തിത്വത്തിന്റെ ഉടമയായ ഒരാളെ മണ്ഡലം പ്രസിഡന്റായി അംഗീകരിക്കാനാവില്ല' എന്നാണു കത്തിലെ പ്രധാന ഉള്ളടക്കവും കത്തയച്ച പ്രമുഖരുടെ നിലപാടും.
സാമ്പത്തിക ക്രമക്കേടുകൾ ഉൾപ്പെടെ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന വ്യക്തിയോടൊപ്പം യോജിച്ചുപ്രവർത്തിക്കാനാവില്ല എന്നും ഇവർ പറയുന്നു. മണ്ഡലം പ്രസിഡന്റുമാരുടെ ലിസ്റ്റിൽ പേരുവന്നതല്ലാതെ രേഖാമൂലം ഇതുവരെ നിയമന ഉത്തരവ് പുതിയ മണ്ഡലം പ്രസിഡന്റിനു നൽകിയിട്ടില്ലത്രെ.
ശക്തമായ പ്രതിഷേധം ശ്രദ്ധയിൽപ്പെട്ടതോടെയാണു നിയമന ഉത്തരവ് നൽകാതിരുന്നത് എന്നു പറയുന്നു. നിയമന ഉത്തരവ് ലഭിക്കാതിരുന്നിട്ടും പാർട്ടി നിയോഗിച്ചു എന്ന വ്യാജേന പണപ്പിരിവ് ആരംഭിച്ചുവെന്നും ഇത്തരത്തിൽ നിരുത്തരവാദപരമായ നിലപാടാണു പാർട്ടി നേതൃത്വം കൈക്കൊള്ളുന്നതെങ്കിൽ തങ്ങൾക്ക് അതിനോടു യോജിപ്പില്ലെന്നും സജീവമായ സംഘടനാ പ്രവർത്തനത്തിൽനിന്നു പിന്മാറുകയാണെന്നും കത്തിൽ വ്യക്തമാക്കുന്നു.
മുൻ പഞ്ചായത്ത് പ്രസിഡന്റും നഗരസഭ കൗൺസിലറുമായ എസ്.എ.എ. ആസാദ്, യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ പി.എൻ. വൈശാഖ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് സിന്ധു സുബ്രഹ്മണ്യൻ, മറ്റ് അഞ്ച് നഗരസഭ കൗൺസിലർമാർ ഉൾപ്പടെ ഇരുപത്തഞ്ചോളം പേർ കത്തിൽ ഒപ്പുവച്ചിട്ടുണ്ട്. ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് പ്രതിഷേധം എന്നതും തർക്കത്തിന്റെ ആഴം വർധിപ്പിക്കുന്നു.