അതിഥിതൊഴിലാളിയായ യുവാവ് അറസ്റ്റിൽ
1397166
Sunday, March 3, 2024 7:54 AM IST
കുന്നംകുളം: കാണിപ്പയ്യൂരിലെ ബിഎസ്എന്‍എല്‍ മൊബൈല്‍ ടവറില്‍നിന്ന് ബാറ്ററികള്‍ മോഷ്ടിച്ച സംഭവത്തില്‍ അതിഥി തൊഴിലാളിയായ യുവാവിനെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ സ്വദേശി മുഹമ്മദ് റാബി(24)യെയാണ് കുന്നംകുളം സ്റ്റേഷന് ഹൗസ് ഓഫീസര്‍ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഫെബ്രുവരി 21ന് പുലര്‍ച്ചെ ഒന്നിനും മൂന്നിനും ഇടയിലാണ് മോഷണം നടന്നത്. ബിഎസ്എന്‍എല്‍ ഓഫീസില്‍നിന്നും 83 ബാറ്ററികളാണ് മോഷ്ടാവ് കവര്‍ന്നത്. മോഷണം പോയ ബാറ്ററികള്‍ക്ക് ഒരു ലക്ഷത്തി അമ്പതിനായിരത്തോളം രൂപ വില വരുമെന്ന് ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.
സംഭവത്തില്‍ തൃശൂര്‍ സബ് ഡിവിഷനില്‍ എന്‍ജിനീയര്‍ ശ്രീജിത്ത് കുന്നംകുളം പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുനടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ബിഎസ്എന്‍എല്‍ മൊബൈല്‍ ഓഫീസിലെ മൈക്രോവേവ് സെക്ഷനില്‍ സൂക്ഷിച്ച ബാറ്ററികളാണ് മോഷണംപോയത്. വ്യത്യസ്ത ദിവസങ്ങളില്‍ പല തവണകളിലായി എത്തിയാണ് മോഷ്ടാവ് ബാറ്ററി കവര്‍ന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.