മേലൂരിൽ പുലിഭീതി ഒഴിയുന്നില്ല
1396740
Saturday, March 2, 2024 1:50 AM IST
മേലൂർ: മേലൂരിൽ പുലിഭീതി ഒഴിയുന്നില്ല. കുന്നപ്പിള്ളി ദേവരാജഗിരി, മധുരമറ്റം പ്രദേശങ്ങളിലാണ് പുലിയെ കണ്ടതായി പറയുന്നത്.
കഴിഞ്ഞരാത്രിയിൽ ദേവരാജഗിരി ടവറിനടുത്തുള്ള മതിലിനു മുകളിലൂടെ ചാടിപ്പോയതായി സമീപവാസിയും അടുത്ത ദിവസം പുലർച്ചെ മധുരമറ്റത്ത് റോഡിനു കുറുകെ നടക്കുന്നത് കണ്ടതായി ഒരു വിദ്യാർഥിനിയും സാക്ഷ്യപ്പെടുത്തുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ചു. സമീപത്തെ വട്ടവയൽ റബർതോട്ടങ്ങളിൽ തെരച്ചിൽ നടത്തിയെങ്കിലും സംശയിക്കാവുന്ന തരത്തിലുള്ള കാൽപ്പാടുകൾ കണ്ടെത്തിയില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് പാലാട്ടിക്കുണ്ട് റോഡിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വാടകവീടിനു മുന്നിലും പിച്ചാംമ്പിള്ളികുണ്ട് കനാൽബണ്ട് പാതയിലെ റബർതോട്ടത്തിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത, വാർഡ് മെമ്പർ സൗമ്യ മോഹൻദാസ് എന്നിവർ സ്ഥലത്തെത്തി.
കണ്ടത് പുലിയാണെന്ന് വനംവകുപ്പ് അധികൃതർ ഉറപ്പിച്ചിട്ടില്ല. കണ്ടെന്നു പറയുന്നവരിൽനിന്നറിഞ്ഞ ലക്ഷണംവച്ച് പുലിയല്ലെന്നും പ്രത്യേക ഇനത്തിലുള്ള, വലിപ്പമുള്ള കാട്ടുപൂച്ച ആകാനാണ് സാധ്യതയെന്നാണ് നിഗമനം. നാളിതുവരെ വളർത്തുനായ്ക്കളെ നഷ്ടപ്പെട്ടതായി ആരും അറിയിച്ചിട്ടില്ല.
നിരവധി തെരുവ് നായ്ക്കളുള്ള മേഖലയാണിത്. നാട്ടുകാരുടെ നിരീക്ഷണം വേണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ മുന്നറിയിപ്പുനൽകി. പുലിയുടെ ചിത്രംവച്ച് അസത്യവരങ്ങൾ ഉൾക്കൊള്ളിച്ച പോസ്റ്ററുകൾ, ജനങ്ങളെ പേടിപ്പിക്കുന്ന ശബ്ദസന്ദേശങ്ങൾ, തെറ്റായ വിവരങ്ങൾ എന്നിവ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ടന്നും ഇത്തരത്തിൽ തെറ്റിധരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത പറഞ്ഞു.