കോൾപടവിൽ കാട്ടുപന്നിക്കൂട്ടം കൃഷിനശിപ്പിച്ചു
1394835
Friday, February 23, 2024 2:00 AM IST
ഏനാമാവ്: വടക്കേ കോഞ്ചിറ കോൾപടവിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചു. ഒരാഴ്ചയ്ക്കുശേഷം വിളവെടുപ്പ് നടത്തേണ്ട കോൾപടവിലാണ് കാട്ടുപന്നിക്കൂട്ടം നെൽച്ചെടികൾ കുത്തിമറിച്ചിട്ട് നശിപ്പിച്ചിട്ടുള്ളത്. ഏനാമാവ് മുപ്പട്ടിത്തറ സ്വദേശി എം.എസ്. സുധീരന്റെ ഉടമസ്ഥതയിലുള്ള ഒരേക്കറയോളം സ്ഥലത്തെ നെൽച്ചെടികൾ വ്യാപകമായി നശിപ്പിച്ച നിലയിലാണ്. സമീപത്തെ മറ്റു കർഷകരുടെ പാടശേഖരങ്ങളിലും കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം കണ്ണോത്ത് മേഖലയിൽ പച്ചക്കറി കൃഷികൾ നശിപ്പിച്ചിരുന്ന കാട്ടുപന്നിക്കൂട്ടത്തെ കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ വെടിവെച്ച് കൊന്നിരുന്നു.
കൂട്ടത്തിൽ ഉണ്ടായിരുന്ന മറ്റു പന്നികൾ പ്രാണരക്ഷാർഥം കോൾപ്പാടത്ത് എത്തിയതാണെന്നു സംശയിക്കുന്നു. കൃഷി നാശം സംഭവിച്ച കർഷകർ കൃഷിവകുപ്പിൽ പരാതി നൽകിയതിനെ തുടർന്ന് ഉദ്യോഗസ്ഥർ പടവിൽ പരിശോധനയ്ക്ക് എത്തി.
കനാൽ ബണ്ടുകളിലെ പൊന്തക്കാടുകൾ പന്നിക്കൂട്ടം താവളമാക്കിയോ എന്ന ഭീതിയിലാണ് കർഷകർ.