മേജർ ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണം
1374643
Thursday, November 30, 2023 2:30 AM IST
മേലൂർ: മേജർ ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ അവസാനിപ്പിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ. മേലൂർ - പരിയാരം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പൂലാനി കൊമ്പൻപാറ തടയണയിലേക്കുള്ള അപ്രോച്ച് തകർന്ന് ചളിയും കുഴിയും നിറഞ്ഞു കിടക്കാൻ തുടങ്ങിയിട്ടു നാളേറെയായി.
ചെറുമഴയിൽ തന്നെ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥിതിയാണ് നിലവിലുള്ളത്. കാൽനടയാത്രക്കാർക്കു പോലും കടന്നുപോകുവാൻ സാധിക്കാത്ത അവസ്ഥയിലാണ്.
തടയണയുടെ മുകളിലൂടെ ഇരുചക്രവാഹനങ്ങൾ പോകുന്നതു നിയമലംഘനമാണെന്ന് അറിയാമെങ്കിലും വഴി ദൂരം കുറയ്ക്കാൻ നിരവധി ആളുകളാണ് കടന്നു പോകാറുള്ളത്.
തടയണയുടെ നിർമാണം കഴിഞ്ഞ കാലം മുതൽ നാട്ടുക്കാരുടെ ആവശ്യമാണ് അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യണമെന്ന്. വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് തൊഴിലുറപ്പിൽ ഉൾപ്പെടുത്തി അപ്രോച്ച് റോഡിന്റെ പണിക്കു വേണ്ടി ഫണ്ട് വകയിരുത്തിയെങ്കിലും മേജർ ഇറിഗേഷൻ വകുപ്പ് അനുമതി നൽകിയില്ലെന്നും പറയുന്നു.
ഈ സാഹചര്യത്തിൽ പഞ്ചായത്തിനും തൊടാൻ പറ്റാത്ത അവസ്ഥയായി. ചെളി നിറഞ്ഞു തെന്നി വീണ് അപകടങ്ങൾ പതിവായ അപ്രോച്ച് റോഡ് കോൺക്രീറ്റ് ചെയ്യുവാൻ മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ തയ്യാറാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
തടയണ പഞ്ചായത്തിനു
വർഷങ്ങൾ മുമ്പ്
കൈമാറി: മേജർ
ഇറിഗേഷൻ വകുപ്പ്
മേജർ ഇറിഗേഷൻ കൊമ്പൻപാറ തടയണ ഗ്രാമ പഞ്ചായത്തിന് വർഷങ്ങൾ മുമ്പ് കൈമാറിയിട്ടുണ്ട്. പഞ്ചായത്തിനാണ് പൂർണമായും പരിപാലന ചുമലയുള്ളത്. ഇരുചക്രവാഹനങ്ങൾ ഈ തടയണക്കു മുകളിലൂടെ പോകുന്നതാണ് അപ്രോച്ച് റോഡ് തകരാൻ പ്രധാന കാരണം. അപകടങ്ങൾ പതിവായതോടെ നിരവധി പരാതികൾ നിലവിലുണ്ട്. ഈ വിഷയത്തിൽ താല്കാലിക ഇടപെടൽ പഞ്ചായത്തിനു നേരിട്ടു ചെയ്യാവുന്നതാണെന്ന് മേജർ ഇറിഗേഷൻ വകുപ്പ് അധികൃതർ വ്യക്തമാക്കി.