തകരാറിലായ സ്പൗട്ട് പുനര്‍നിര്‍മിച്ചില്ല, കര്‍ഷകര്‍ ദുരിതത്തില്‍
1374349
Wednesday, November 29, 2023 2:44 AM IST
കോടാലി: മറ്റത്തൂര്‍ ഇറിഗേഷന്‍ കനാലില്‍നിന്ന് വെള്ളം തുറന്നുവിടാനായി നിര്‍മിച്ച സ്പൗട്ട് ഉപയോഗയോഗ്യമല്ലാതായി. സ്പൗട്ടിലെ ഷട്ടര്‍ തുരുമ്പിച്ചതിനാല്‍ ഉയര്‍ത്താന്‍ കഴിയാത്തതാണ് കര്‍ഷകരെ വലക്കുന്നത്.
മറ്റത്തൂരിലെ മാങ്കുറ്റിപ്പാടം ശാന്തിനഗറിനു സമീപം കനാലില്‍ നിര്‍മിച്ചിട്ടുള്ള സ്പൗട്ടാണ് വര്‍ഷങ്ങളായി തകരാറിലുള്ളത്. വേനല്‍ക്കാലത്ത് കനാലില്‍നിന്ന് കൃഷിയിടങ്ങളിലേക്ക് കൈത്തോടുവഴി വെള്ളം തുറന്നുവിടാനായാണ് ഇവിടെ സ്പൗട്ട് സ്ഥാപിച്ചത്.
കനാലിന്റെ മറ്റു ഭാഗങ്ങളിലുള്ള ചെറിയ സ്പൗട്ടുകള്‍ കൈകൊണ്ട് വലിച്ചുയര്ത്തുന്നവയാണെങ്കിലും മാങ്കുറ്റിപ്പാടത്തുള്ള സ്പൗട്ട് പ്രത്യേക രീതിയില്‍ ഉയര്‍ത്തുന്നതായിരുന്നു. എന്നാല്‍ ഇതിനായുള്ള സംവിധാനം വര്‍ഷങ്ങളായി തകരാറിലാണ്.
ചാലക്കുടിപുഴയിലെ തുമ്പൂര്‍മുഴിയില്‍ നിന്ന് ചാലക്കുടി ജലസേചന പദ്ധതിയുടെ വലതുകര പ്രധാനകനാലിലൂടെ മറ്റത്തൂര്‍ ബ്രാഞ്ച് കനാലിലേക്ക് എത്തുന്ന വെള്ളം വേനല്‍ക്കാലത്ത് അത്യാവശ്യഘട്ടത്തില്‍ വെള്ളിക്കുളം വലിയ തോട്ടിലേക്ക് ഒഴുക്കാനും മാങ്കുറ്റിപ്പാടത്തെ സ്പൗട്ട് ഉപയോഗിക്കാറുണ്ട്.
സ്പൗട്ട് തകരാറിലായത് മഴക്കാലത്ത് പ്രദേശവാസികള്‍ക്ക് ദുരിതവും സമ്മാനിക്കാറുണ്ട്. കനാലിലൂടെ അധികമായെത്തുന്ന വെള്ളം സ്പൗട്ട് വഴി തോട്ടിലേക്ക് ഒഴുക്കിവിട്ട് ജലനിരപ്പ് താഴ്ത്താനാകാത്തതിനാല് കനാല്‍ കവിഞ്ഞൊഴുകി വീടുകളിലേക്കും കൃഷിയിടങ്ങളിലേക്കും മഴവെള്ളം എത്തുന്നത് പതിവാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടു.
കേടുവന്ന സ്പൗട്ട് പുനര്‍നിര്‍മിച്ച് കര്‍ഷകരുടേയും പരിസരവാസികളുടെയും ദുരിതം പരിഹരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.