രാഘവൻ തിരുമുൽപ്പാട് സ്മാരക ആയുഷ് ആശുപത്രി നിർമാണം പൂർത്തിയാകുന്നു
1374348
Wednesday, November 29, 2023 2:44 AM IST
ചാലക്കുടി: പദ്മഭൂഷൺ വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട് സ്മാരക ആയുഷ് ആശുപത്രി കെട്ടിട നിർമാണ പ്രവൃത്തി എൺപതുശതമാനം പൂർത്തിയായതായി സനീഷ്കുമാർ ജോസഫ് എംഎൽഎ അറിയിച്ചു.
നിർമാണപ്രവൃത്തി വിലയിരുത്തിയ ശേഷമാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു നിലകളിലായി നിർമിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ പെയിന്റിംഗ്, സീലിംഗ്, ഇലക്ട്രിക്കൽ - പ്ലംബിംഗ് ഫിറ്റിംഗ്സ് പ്രവൃത്തി, സംരക്ഷണ ഭിത്തി നിർമാണം, ജലശുദ്ധീകരണ പ്ലാന്റ്, അഗ്നിസുരക്ഷാ സംവിധാനം ഒരുക്കൽ, റോഡ് എന്നീ പ്രവൃത്തികളാണ് പൂർത്തിയാകാനുള്ളത്. തുടർ നിർമാണ പ്രവർത്തനങ്ങൾ എത്രയുംവേഗം പൂർത്തിയാക്കുമെന്ന് ഉദ്യോഗസ്ഥർ അവലോകനയോഗത്തിൽ വ്യക്തമാക്കി.
ആശുപത്രിയിലേക്കുള്ള വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായുള്ള അപേക്ഷയിൽ എത്രയുംവേഗം തുടർനടപടികൾ പൂർത്തീകരിക്കുമെന്ന് വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പുനൽകി. ഒക്യുപെൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതരും ഭൂമി ഏറ്റെടുക്കുന്നതിനും സർവെ സ്കെച്ച് തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു താലൂക്ക് ഓഫിസ് അധികൃതരും യോഗത്തിൽ അറിയിച്ചു.
കെട്ടിട നിർമാണം പൂർത്തിയാകുന്ന മുറയ്ക്ക് ആശുപത്രി പ്രവർത്തനക്ഷമമാക്കുന്നതിനാവശ്യമായ സ്ഥിരം തസ്തികകൾ സൃഷ്ടിക്കാനുള്ള നടപടികൾ ആരംഭിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ ആരോഗ്യവകുപ്പ് മന്ത്രിക്ക് കത്തു നല്കിയതായും വകുപ്പുതലത്തിലും ഇതിനായുള്ള പ്രപ്പോസൽ നല്കിയിട്ടുള്ളതായും എംഎൽഎ കൂട്ടിച്ചേർത്തു.
ചാലക്കുടി നഗരസഭ ഭാരതീയ ചികിത്സാവകുപ്പിനു കൈമാറിയ 60 സെന്റ് സ്ഥലത്ത് 11 കോടി രൂപ ചെലവിലാണ് 25,000 ചതുരശ്രയടി വിസ്തീർണത്തിൽ നിർമാണം നടത്തുന്നത്. ആയുർവേദ നേത്രചികിത്സയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ആശുപത്രിയിൽ നേത്രചികിത്സയ്ക്ക് 30 കിടക്കകളും ജനറൽ വിഭാഗത്തിന് 10 കിടക്കകളും യോഗ, പ്രകൃതി ചികിത്സാവിഭാഗത്തിന് 10 കിടക്കകളും ഉൾപ്പെടെ 50 പേർക്ക് കിടത്തി ചികിത്സാസൗകര്യം ഉണ്ടായിരിക്കും.
നഗരസഭാ ചെയർമാൻ എബി ജോർജ്, വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ദീപു ദിനേശ്, കൗൺസിലർമാരായ ലിബി ഷാജി, ബിജു എസ്. ചിറയത്ത്, ഷിബു വാലപ്പൻ, ആയുർവേദ ഡിഎംഒ ഡോ. സലജകുമാരി, ആയുഷ് ഡിപിഎം ഡോ. ശരണ്യ ഉണ്ണികൃഷ്ണൻ, ഭൂരേഖ തഹസിൽദാർ ആന്റോ ജേക്കബ്, ഡെപ്യൂട്ടി തഹസിൽദാർ രഞ്ജിത്ത്കുമാർ, എൻഎച്ച്എം എൻജിനിയർ പൂർണിമ, ഡോ. സ്മിത, കെഎസ്ഇബി അസിസ്റ്റന്റ്എൻജിനിയർ തിലകൻ തുടങ്ങിയവർ പങ്കെടുത്തു.