ഗൃഹനാഥനെയടക്കം മൂന്നുപേരെ ആക്രമിച്ച പ്രതികൾ പിടിയിൽ
1374338
Wednesday, November 29, 2023 2:36 AM IST
മുളങ്കുന്നത്തുകാവ്: കോളങ്ങാട്ടുകരയിൽ ഗ്യഹനാഥനെയടക്കം മൂന്നുപേരെ ആക്രമിച്ച കേസിലെ പ്രതികൾ പിടിയിൽ. രജീഷ് എന്ന കിങ്ങിണി, ഹനൂപ്, പ്രസൂൽ എന്നിവരെയാണ് മെഡിക്കൽ കോളജ് പോലീസ് അറസ്റ്റ് ചെയതത്.
വരടിയം തെക്കേതുരുത്ത് പൂത്തൂർ വളപ്പിൽ ശിവശങ്കരനെ(57)യും മറ്റു രണ്ടുപേരെയുമാണ് ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശിവശങ്കരനെ തൃശൂർ ദയ ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി.
കോളങ്ങാട്ടുകര തീപ്പെട്ടിക്കന്പനി ബസ് സ്റ്റോപ്പിനടുത്തുനിന്ന ശിവശങ്കരനെയും സുഹൃ ത്തുക്കളെയും കഴിഞ്ഞ ഞായറാഴ്ച രാത്രി എട്ടരയേടെ വടിയും ഇരുന്പുപൈപ്പുകളും പ്രയോഗിച്ചു പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു. അഞ്ചുപേരുൾപ്പെട്ട സംഘത്തിൽ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. ഇവരെല്ലാം ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നു പോലീസ് പറഞ്ഞു.
മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജുവിന്റെ നേത്യത്വത്തിലുള്ള സംഘത്തിൽ എസ്ഐ ബാലസുബ്രഹ്മണ്യൻ, എഎസ്ഐ ദീപക്, സീനിയർ സിവിൽ പോലീസ് ഓഫീസർ അമീർഖാൻ, പ്രശാന്ത്, സിവിൽ പോലീസ് ഓഫീസർമാരായ രജിത്ത് വിജയകുമാർ, സരീഷ് എന്നിവരും ഉണ്ടായിരുന്നു.