കലാപാഹ്വാനത്തിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രി കേരളത്തിന്റെ ദുരന്തം: വി.ഡി. സതീശൻ
1374319
Wednesday, November 29, 2023 2:14 AM IST
തൃശൂർ: നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്ന അശ്ലീലനാടകയാത്രയ്ക്കെതിരെ പ്രതികരിക്കുന്നവരെ കരുതൽ തടങ്കലിൽ വയ്ക്കാനാണു തീരുമാനമെങ്കിൽ കനത്ത വില നൽകേണ്ടി വരുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നടന്ന കോൺഗ്രസ് നേതൃത്വയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്രയ്ക്കെതിരെ പ്രതിഷേധിക്കുന്നവരെല്ലാം അണിനിരന്നാൽ ഒരു അടിപോലും യാത്രയ്ക്കു മുന്നോട്ടു പോകാനാകില്ല. കരിങ്കൊടി കാണിക്കുന്നവരെ കടന്നാക്രമിക്കുന്ന ഡിവൈഎഫ്ഐക്കാരും പ്രതിഷേധിക്കുന്നവരെ പതിയിരുന്ന് ആക്രമിക്കുന്ന സിപിഎം ഗുണ്ടകളും കലാപാഹ്വാനത്തിനു നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും വർത്തമാനകാല കേരളത്തിന്റെ ദുരന്തമാണെന്നും ഇതിനെതിരെ അന്തിമസമരത്തിനു യുഡിഎഫ് നേതൃത്വം കൊടുക്കുമെന്നും സതീശൻ വ്യക്തമാക്കി.
ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എംപി, സനീഷ് കുമാർ ജോസഫ് എംഎൽഎ, എം.പി. വിൻസെന്റ്, പി.എ. മാധവൻ, ഒ. അബ്ദുറഹ്മാൻ കുട്ടി, ടി.വി. ചന്ദ്രമോഹൻ തുടങ്ങിയവർ പങ്കെടുത്തു.
ഡിസംബർ ഒന്നു മുതൽ അഞ്ചു വരെ ജില്ലയിലെ 2319 ബൂത്തുകളിൽ കോൺഗ്രസ് പ്രവർത്തകർ ഭവനസന്ദർശനം നടത്തും. ഡിസംബർ മൂന്നിനു രാവിലെ ഒന്പതിനു 2319 ബൂത്തുകളിൽ ഒരേ സമയം 2319 നേതാക്കൾ നേതൃത്വം കൊടുക്കും. എന്റെ ബൂത്ത് എന്റെ അഭിമാനം എന്ന മുദ്രാവാക്യവുമായി കോൺഗ്രസ് പ്രവർത്തകർ വീടുകൾ കയറുമെന്നു ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ അറിയിച്ചു.