കഞ്ചാവിന്റെ ഇറക്കുമതികേന്ദ്രമായി തൃശൂർ റെയിൽവേ സ്റ്റേഷൻ
1374317
Wednesday, November 29, 2023 2:14 AM IST
തൃശൂർ: റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ടനിലയിൽ കണ്ടെത്തുന്ന കഞ്ചാവു ബാഗുകൾ ഉടമകളെ കാത്തുകിടക്കുന്ന ചരക്കുകളാണെന്നു റെയിൽവേ പോലീസ്.
റെയിൽവേ സ്റ്റേഷനെ കഞ്ചാവിന്റെ സുരക്ഷിത ഇറക്കുമതികേന്ദ്രമായാണു കഞ്ചാവുകടത്തുകാർ ഉപയോഗിക്കുന്നത്. ഒരു പരിധിവരെ മാത്രമേ ട്രെയിൻമാർഗം ജില്ലയിലേക്കെത്തുന്ന കഞ്ചാവുകൾ പിടികൂടാനാകുന്നുള്ളൂവെന്നും റെയിൽവേ പോലീസിന്റെ വെളിപ്പെടുത്തൽ.
പലപ്പോഴും പിടികൂടുന്ന ഉപേക്ഷിക്കപ്പെട്ട ബാഗുകളിലെ കുറഞ്ഞ അളവിലുള്ള കഞ്ചാവ് പോലീസിന്റെ കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണ്. കുറഞ്ഞ അളവിൽ കഞ്ചാവ് പോലീസിനു മുന്നിൽ ഇട്ടുകൊടുത്ത് മറുവശത്തുകൂടെ വൻതോതിൽ കടത്തിക്കൊണ്ടുപോകുകയാണ്.
ഇതു മനസിലാക്കിയുള്ള പരിശോധനയിലൂടെ മുൻകാലങ്ങളിൽ വൻതോതിലുള്ള കഞ്ചാവ് റെയിൽവേ സ്റ്റേഷനിൽനിന്ന് പോലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നു പിടികൂടിയ അഞ്ചുകിലോ കഞ്ചാവിന്റെ മറവിൽ വൻതോതിൽ കടത്തിയിട്ടുണ്ടാകുമെന്നാണ് പോലീസ് സംശയിക്കുന്നത്.
കഴിഞ്ഞ മാസം തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് 15 കിലോഗ്രാം കഞ്ചാവ് പിടികൂടിയിരുന്നു. അഞ്ചുവർഷങ്ങൾക്കുമുന്പ് പാഴ്സൽ മുഖേന കടത്താൻ ശ്രമിച്ച 316 കിലോഗ്രാം കഞ്ചാവ് ആർപിഎഫും എക്സൈസും ചേർന്നു പിടികൂടിയിട്ടുണ്ട്.
11 ചാക്കുകളിലായി ഒഡീഷയിൽനിന്നാണ് അന്ന് കഞ്ചാവ് കടത്തിയത്. പാർസൽ ബുക്ക് ചെയ്തവർ നല്കിയ മേൽവിലാസം നോക്കി അന്വേഷണം പുരോഗമിച്ചെങ്കിലും പ്രതികളെ കണ്ടെത്താനായിരുന്നില്ല. അതിനും രണ്ടു വർഷങ്ങൾക്കുമുന്പേയും തുടർന്നുള്ള വർഷങ്ങളിലും കഞ്ചാവു പിടികൂടിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രതികളെ പിടികൂടുന്നത് അപൂർവമാണ്.
കേരളത്തിലെ പല റെയിൽവേ സ്റ്റേഷനുകളിലും വൻതോതിൽ കഞ്ചാവ് പിടികൂടുന്ന സംഭവം ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മധ്യഭാഗമായതിനാൽ തൃശൂരിൽ ചരക്ക് എത്തിച്ചാൽ മറ്റു ജില്ലകളിലേക്കു കടത്താൻ എളുപ്പമാണെന്നതിനാലാണു തൃശൂർ റെയിൽവേ സ്റ്റേഷൻ കഞ്ചാവുകടത്തുകാർ പ്രധാന ഇറക്കുമതികേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്.
വൻ തോതിൽ എത്തിക്കുന്ന കഞ്ചാവുകൾ നേരിട്ടു വില്പന നടത്താതെ ഉപ ഉത്പന്നങ്ങളാക്കി (കഞ്ചാവ് ഒായിൽ, ഹാഷിഷ്) മറ്റാനാണെന്നും പറയുന്നു. ഇത്തരത്തിൽ കഞ്ചാവുവാറ്റുസംഘത്തെ മുന്പ് പോലീസ് പിടികൂടിയിട്ടുണ്ട്.
ട്രെയിൻമാർഗം എത്തുന്ന കഞ്ചാവ് ജില്ലയുടെയും സംസ്ഥാനത്തിന്റെയും വിവിധയിടങ്ങളിലേക്കു റോഡ് മാർഗമാണ് എത്തിക്കുന്നത്. പൊതുഗതാഗതവും ആഡംബര വാഹനങ്ങളും ഇതിനായി ഉപയോഗിക്കുന്നു. ഇതു മനസിലാക്കി ജില്ലയിലെ മറ്റു സ്റ്റേഷനുകൾ കേന്ദ്രീകരിച്ചും റോഡുമാർഗവും കർശനപരിശോധനകൾ നടത്താറുണ്ട്.