കാടുകുറ്റി കക്കാട് പാടശേഖരത്തിൽ മികച്ച വിളവിനായി മിശ്രിതം തളിച്ചു
1374082
Tuesday, November 28, 2023 1:57 AM IST
കാടുകുറ്റി: ഗ്രാമപഞ്ചായത്തിലെ കക്കാട് പാടശേഖരത്തിൽ നെൽകൃഷിയുടെ മികച്ച വിളവിനായി ഡ്രോൺ ഉപയോഗിച്ച് സമ്പൂർണ എന്ന മൈക്രോ ന്യൂട്രിയന്റ് മിശ്രിതം തളിച്ചു. മണ്ണിൽ വിവിധ സൂക്ഷ്മമൂലകങ്ങളുടെ അഭാവം വിളകളുടെ വളർച്ചയെയും ഉത്പദനക്ഷമതയെയും സാരമായി ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇതിനു പരിഹാരമായി കർഷകർക്കു കൈത്താങ്ങായി മൈക്രോ ന്യൂട്രിയന്റ് തളിക്കാൻ കൃഷിവകുപ്പ് സന്നദ്ധമായി രംഗത്തുവന്നത്. നെൽച്ചെടികൾക്കു വരുന്ന രോഗങ്ങളെ പ്രതിരോധിക്കാനും ഇതിലൂടെ കഴിയും.
മഗ്നീഷ്യം, സൾഫർ, ബോറോൺ, സിങ്ക്, കോപ്പർ, അയേൺ, മാംഗനീസ്, മോളിബ്ഡിനം തുടങ്ങിയ സൂക്ഷ്മമൂലകങ്ങളും ദ്വിതീയമൂലകങ്ങളും അടങ്ങിയ ഈ മിശ്രിതം പട്ടാമ്പി കാർഷിക ഗവേഷണ കേന്ദ്രമാണ് വികസിപ്പിച്ചെടുത്തത്. ഇലകളിലാണ് മിശ്രിതം തളിച്ചുകൊടുക്കുക. ജില്ലയിൽ ആദ്യമായി പദ്ധതി നടപ്പാക്കുന്നത് ചാലക്കുടി ബ്ലോക്ക് പഞ്ചായത്തിലാണ്. ഒരു ഏക്കറില്‍ ഏഴു മിനിറ്റിനകം ഡ്രോണ്‍ ഉപയോഗിച്ച് ഇതു തളിക്കാനാകും. മുഴുവന്‍ ചെലവും കൃഷിവകുപ്പ് വഹിക്കും.
ഉദ്ഘാടനം ഡ്രോണ്‍ പറത്തി സനീഷ്കുമാര് ജോസഫ് എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ അധ്യക്ഷനായി. കാടുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ്, കോടശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീജു മാവേലി, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ പി.സി. അയ്യപ്പൻ, പി.കെ. ജേക്കബ്, രാഖി സുരേഷ്, മോഹിനി കുട്ടൻ, സിന്ധു രവി, ഇന്ദിര പ്രകാശൻ, സീമ പത്മനാഭൻ, വർക്കി തേലേക്കാട്ട്, ഡെയ്സി ഫ്രാൻസീസ്, കെ.സി. മനോജ്, കൃഷി ഓഫീസർ ഡോണ എന്നിവർ പ്രസംഗിച്ചു.