െടെംപോ ട്രാവലർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്കു പരിക്ക്
1373748
Monday, November 27, 2023 2:02 AM IST
കയ്പമംഗലം: ദേശീയ പാത 66 മതിലകത്ത് ടെംപോ ട്രാവലർ ചായക്കടയിലേക്ക് ഇടിച്ചുകയറി മൂന്നുപേർക്കു പരിക്ക്. മതിലകം മതിൽ മൂലയിൽ ഇന്നലെ രാവിലെ ആറരയോടെയായിരുന്നു
അപകടം. റോഡിനു സമീപത്തെ ’ഇക്കാക്കാന്റെ കട’യെന്ന ചായക്കടയിലേക്കാണു വാഹനം ഇടിച്ചുകയറിയത്. കടക്കാരൻ ഖാലിദ്(57), ചായ കുടിക്കാനെത്തിയ പരിസരവാസി താജുദ്ദീൻ, ട്രാവലറിന്റെ ഡ്രൈവർ ആലപ്പുഴ സ്വദേശി അൽഹോസ് എന്നിവർക്കാണു പരിക്ക്. ഇവരെ പുന്നക്കബസാറിലെ ആക്ട്സ് പ്രവർത്തകർ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടെ മുൻഭാഗം പൂർണമായും തകർന്നു.
ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽനിന്നു മലപ്പുറത്തേക്ക് വിവാഹത്തിൽ പങ്കെടുക്കാൻ പോയ മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾക്കു പരിക്കില്ല.