ഭരണഘടനാ വിജ്ഞാനോത്സവം
1373743
Monday, November 27, 2023 2:02 AM IST
വെള്ളാങ്കല്ലൂർ: വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തും സമേതം സമഗ്ര വിദ്യാഭ്യാസ പദ്ധതിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഭരണഘടനാ വിജ്ഞാനോത്സവത്തിന് തുടക്കമായി. ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടി വി.ആർ. സുനിൽകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അധ്യക്ഷനായി.
വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള വെള്ളാങ്കല്ലൂർ, പൂമംഗലം, പുത്തൻചിറ, പടിയൂർ, വേളൂക്കര എന്നീ പഞ്ചായത്തുകളിലെ 43,000 വീടുകളിൽ വളണ്ടിയർമാർ സന്ദർശനം നടത്തും. കൊടുങ്ങല്ലൂർ കെകെടിഎം കോളജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് തുടങ്ങി ആറു കോളജുകളിൽനിന്നും എട്ടു ഹയർ സെക്കൻഡറി സ്കൂളുകളിൽനിന്നുമുള്ള വിദ്യാർഥികളാണു വളണ്ടിയർമാരായി പ്രവർത്തിക്കുന്നത്.
ഭരണഘടനയുടെ ആമുഖം, പ്രധാനപ്പെട്ട നിർദേശങ്ങൾ തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ലഘുലേഖ, ഭരണ ഘടനാദിനമായ ഇന്ന് ഒറ്റ ദിവസം കൊണ്ട് വീടുകളിൽ വിതരണം ചെയ്യും. ഇരുപതോളം പൊതുകേന്ദ്രങ്ങളിൽ ഭരണഘടനയുടെ ആമുഖം സ്ഥാപിക്കും. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കുറ്റിപ്പറന്പിൽ, അസ്മാബി, ഫസ്ന റിജാസ്, കെ.ബി. ബിനോയ്, ബ്ലോക്ക് പഞ്ചയാത്ത് സെക്രട്ടറി പി.എം. ഹസീബ് അലി, സമേതം കോ-ഓർഡിനേറ്റർ ടി.വി. മദനമോഹനൻ, സാജൻ ഇഗ്നേഷ്യസ്, വി. മനോജ്, ടി.എസ്. സജീവൻ, എം.എസ്. ലെനിൻ എന്നിവർ പ്രസംഗിച്ചു.