ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി: ബണ്ടുകെട്ടാന്‍ തയാറായി ജലസേചന വകുപ്പ്
1339869
Monday, October 2, 2023 12:59 AM IST
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുഴയില്‍നിന്ന് പുത്തന്‍തോട് കെഎല്‍ഡിസി കനാലിലേക്ക് നിര്‍മിച്ചിരിക്കുന്ന തൊമ്മാന കനാലിലെ താമരവളയം ചിറയിലും മാടായിക്കോണം - നന്തിക്കര റൂട്ടില്‍ കോന്തിപുലം പാലത്തിന് സമീപം കെഎല്‍ഡിസി കനാലിലും താത്കാലിക ബണ്ടുകള്‍ നിര്‍മിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.
ഡാമുകളില്‍ വെള്ളം കുറഞ്ഞ സാഹചര്യത്തില്‍ പാടശേഖരങ്ങളില്‍ കൃഷിയിറക്കുന്നതിനായി സമയക്രമം നിശ്ചയിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കിയിരുന്നു. താമരവളയം, കോന്തിപുലം തടയണകള്‍ സമയബന്ധിതമായി കെട്ടണമെന്നും കാര്യക്ഷമമായ ജലസേചനസംവിധാനം നടത്തണമെന്നും പാടശേഖരസമിതി ഭാരവാഹികള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎല്‍ഡിസി രണ്ടിടത്തും താത്കാലിക തടയിണ നിര്‍മിക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
മഴ പെയ്ത സാഹചര്യത്തില്‍ കര്‍ഷകര്‍ ആവശ്യപ്പെടുന്ന സമയത്ത് ചിറകള്‍ കെട്ടാനാണ് ഇറിഗേഷന്‍ തീരുമാനം. കഴിഞ്ഞ വര്‍ഷം താമരവളയത്ത് ചിറകെട്ടുന്നത് പ്രദേശവാസികള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പഴയ ചിറ കെട്ടുന്ന സ്ഥലത്തുനിന്ന് നൂറുമീറ്റര്‍ കിഴക്കോട്ടുമാറി കടകംപുള്ളി കടവിന് മുകളില്‍ ചിറ നിര്‍മിക്കാനാണ് തീരുമാനം.
കോന്തിപുലത്ത് പാലത്തിനുതാഴെ എല്ലാ വര്‍ഷവും കെട്ടാറുള്ള ഭാഗത്തുതന്നെയാണ് ഇത്തവണയും കെട്ടാന്‍ തീരുമാനം. താമരവളയത്തും കോന്തിപുലത്തും സ്ഥിരം തടയണ നിര്‍മിക്കാന്‍ കെഎല്‍ഡിസി സര്‍ക്കാരിന് പദ്ധതി സമര്‍പ്പിച്ചു. കഴിഞ്ഞ ബജറ്റില്‍ കോന്തിപുലത്ത് സ്ഥിരം തടയണയ്ക്കായി ഇറിഗേഷന്‍ വകുപ്പ് നല്കിയ 12.20 കോടിയുടെ പദ്ധതിക്കായി അതിന്റെ 20 ശതമാനമായ 2.44 കോടി വകയിരുത്തിരുന്നു. ഇതിന്റെ നടപടികള്‍ നടക്കുകയാണ്.
കളക്ടറുടെ ഉത്തരവുപ്രകാരം രണ്ടുഘട്ടങ്ങളിലായി കൃഷിയിറക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മഴ തുടരുന്നതിനാല്‍ പലയിടത്തും കൃഷി തുടങ്ങാനായിട്ടില്ല. കൃഷി തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് ഭീഷണിയും നിലനില്‍ക്കുന്നുണ്ട്.