ഭരതയിൽ രണ്ടു മലമ്പാമ്പുകളെ പിടികൂടി
1339866
Monday, October 2, 2023 12:59 AM IST
തൃക്കൂർ: ഭരത ക്വാർട്ടേഴ്സ് കയറ്റത്തെ കാടുമൂടിയ ഇറിഗേഷന്റെ സ്ഥലത്തുനിന്ന് രണ്ടു മലമ്പാമ്പുകളെ പിടികൂടി. പതിമൂന്നും ഏഴും അടി നീളമുള്ള പാമ്പുകളെയാണ് പിടികൂടിയത്. വർഷങ്ങങ്ങളായി കാടുമൂടിക്കിടന്ന് പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ദുരിതമായ ഈ പ്രദേശം നാട്ടുകാർ ചേർന്ന് വൃത്തിയാക്കുന്നതിനിടെയാണ് പാമ്പുകളെ കണ്ടത്. നിറയെ വിഷപ്പാമ്പുകൾ ഉള്ള സ്ഥലത്ത് രണ്ടെണ്ണത്തിനെക്കൂടി കണ്ടതായി നാട്ടുകാർ പറയുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ റെസ്ക്യു ടീമംഗം രജീഷ് നന്തിപുലമാണു പാമ്പുകളെ പിടികൂടിയത്. കൂടുതൽ പാമ്പുകൾ ഉണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ അവയെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു. വർഷങ്ങളായി കാടുമൂടിക്കിടക്കുന്ന സ്ഥലം വൃത്തിയാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ നിരവധി തവണ ഇറിഗേഷൻ അധികൃതർക്കും പഞ്ചായത്തിലും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന ആക്ഷേപമുണ്ട്. ഇതേത്തുടർന്നാണു നാട്ടുകാർ ഒത്തുകൂടി ഗാന്ധിജയന്തിയുടെ ഭാഗമായി സ്ഥലത്ത് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. യുവാക്കൾ ഉൾപ്പടെ നിരവധി പേരാണു പ്രവർത്തനത്തിൽ പങ്കാളികളായത്.
ഭരതയിൽ നിന്ന് ചെമ്പംകണ്ടത്തേക്കു പോകുന്ന റോഡിലാണ് ഇറിഗേഷൻ വകുപ്പിന്റെ അനാസ്ഥ മൂലം സ്ഥലം കാടുമൂടി കിടക്കുന്നത്. വിദ്യാർഥികൾ ഉൾപ്പടെ നിരവധി യാത്രക്കാരാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഇഴജന്തുക്കളുടെയും കാട്ടുപന്നികളുടെയും ശല്യംമൂലം ഇതിലൂടെ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണെന്നു നാട്ടുകാർ പറയുന്നു. അധികൃതരുടെ അനാസ്ഥയാണ് സ്ഥലം കാടു മൂടാൻ കാരണമെന്നാണ് നാട്ടുകാരുടെ ആക്ഷേപം.