നിരാലംബരായി നൂറുവയസ് പിന്നിട്ട വയോധികയും കുടുംബവും
1339575
Sunday, October 1, 2023 2:25 AM IST
മൂന്നുമുറി: വാസയോഗ്യമായ വീടും വരുമാനവുമില്ലാതെ വയോധികയും കുടുംബവും.
ചക്കാലയ്ക്കൽ പരേതനായ തോമസിന്റെ ഭാര്യ നൂറുവയസു പിന്നിട്ട മറിയം, രോഗിയും വിധവയുമായ മരുമകൾ മോളി, വിദ്യാർഥികളായ പേരക്കുട്ടികൾ എന്നിവരാണു ചോർന്നൊലിക്കുന്ന വീട്ടിൽ കഴിയുന്നത്. മറിയത്തിനും മോളിക്കും പെൻഷനുണ്ടെങ്കിലും ഒന്നിനും തികയാറില്ല. മറിയത്തിന്റെ നാലുമക്കളിൽ രണ്ട് ആണ്മക്കൾ മരിച്ചു. ഇളയ മകന്റെ കുടുംബത്തിനൊപ്പമാണു താമസം.
കാഴ്ചയ്ക്കു മങ്ങലുള്ളതിനാൽ വീടുവിട്ടു പോകാറില്ല. മറിയത്തിനും മരുമകൾ മോളിക്കും മുടങ്ങാതെ മരുന്നുവേണം. കുട്ടികളുടെ പഠനത്തിനുള്ള ചെലവും കണ്ടെത്തണം. അന്പതു വർഷം പഴക്കമുള്ള വീടിന്റെ മേൽക്കൂരയിലെ ഓടുകൾ പൊട്ടി. ചുമരുകൾ വിണ്ടുകീറി.
ലൈഫ് പദ്ധതിവഴി വീടിനായി അപേക്ഷ സമർപ്പിച്ചെങ്കിലും ഗുണമുണ്ടായില്ല. രോഗാവസ്ഥ വകവെക്കാതെ മോളി കൂലിപ്പണിക്കുപോയി കിട്ടുന്ന തുച്ഛമായ തുകയും ഉദാരമതികളുടെ സഹായങ്ങളുംകൊണ്ടാണു ചികിത്സയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നോട്ടു കൊണ്ടുപോകുന്നത്.