പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡ് നിർമാണം പൂർത്തിയാകുന്നതോടെ നാടിന്റെ മുഖച്ഛായമാറും: മന്ത്രി മുഹമ്മദ് റിയാസ്
1339322
Saturday, September 30, 2023 12:46 AM IST
പുന്നംപറമ്പ്: പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമാണം പൂർത്തിയാകു ന്നതോടെ നാടിന്റെ മുഖച്ഛായതന്നെ മാറുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. പീച്ചി - വാഴാനി ടൂറിസം കോറിഡോർ റോഡിന്റെ നിർമാണോദ്ഘാടനം കരുമത്രയിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
11.65 കിലോമീറ്റർ ദൂരമാണ് ഡിബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമിക്കുന്നത്. 58.8 കോടി രൂപ ചെലവിട്ടാണ് റോഡിന്റെ നിർമാണം. 18 മാസം കൊണ്ട് റോഡിന്റെ നിർമാണം പൂർത്തികരിക്കും.
കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ രാഷ്ട്രീയം കാണരുതെന്ന് അധ്യക്ഷത വഹിച്ച റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, എ.സി. മൊയ്തീൻ എന്നിവർ മുഖ്യാതിഥികളായി.
മാടയ്ക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാമോഹൻ, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്. വിനയൻ, വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, സിൽക്ക് ഡയറക്ടർ ബോർഡ് അംഗം മേരി തോമസ്, തെക്കുംകര പഞ്ചായത്ത് അംഗങ്ങളായ ഐശ്വര്യ ഉണ്ണി, എ.ആർ. കൃഷ്ണൻകുട്ടി, പി.എസ്. റഫീഖ്, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
കെആർഎഫ്ബി എക്സിക്യൂട്ടീവ് എൻജിനീയർ എൻ. ബിന്ദു പരമേശ് റിപ്പോർട്ട് അവതരിപ്പിച്ചു. തെക്കുംകര പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ സ്വാഗതവും, കെആർഎഫ്ബി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഇ.ഐ. സജിത് നന്ദിയും പറഞ്ഞു.