നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് യുവാവിനു പരിക്ക്
1339164
Friday, September 29, 2023 1:38 AM IST
എരുമപ്പെട്ടി: കരിയന്നൂരിൽ കാർ റോഡരികിലെ മരത്തിലിടിച്ച് യുവാവിന് സാരമായി പരിക്കേറ്റു. ഇന്നലെ രാവിലെ കരിയന്നൂർ കൊട്ടാരം ബാർ ആൻഡ് റസ്റ്റോറന്റിന് മുന്നിലാണ് അപകടമുണ്ടായത്. മരത്തംകോട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കുന്നംകുളം ഭാഗത്ത് നിന്ന് വന്നിരുന്ന കാർ റോഡരികിലെ സർവീസ് സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്കിലിടിക്കുകയും തുടർന്ന് റോഡിൽ നിന്നിറങ്ങി റോഡരികിലെ മരത്തിലിടിക്കുകയുമായിരുന്നു.
അപകടത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. മുൻ സീറ്റിലിരുന്ന് യാത്ര ചെയ്തിരുന്ന മരത്തംകോട് സ്വദേശി പ്രണവിനാണ് പരുക്കേറ്റത്. പ്രണവിനെ നാട്ടുകാരാണ് കാറിൽ നിന്നും പുറത്തെടുത്തത്. തുടർന്ന് കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഓടിച്ചിരുന്ന യുവാവ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തിൽ ബൈക്കിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. എരുമപ്പെട്ടി പൊലിസ് സ്ഥലത്തെത്തി.
ബൈക്കിടിച്ച്
വഴിയാത്രക്കാരിക്കു പരിക്ക്
എരുമപ്പെട്ടി: എരുമപ്പെട്ടി കരിയന്നൂരിൽ ബൈക്കിടിച്ച് വഴിയാത്രക്കാരിക്ക് പരിക്കേറ്റു. മുക്കിൽപുര വേലായുധന്റെ ഭാര്യ രാധയ്ക്കാണു പരിക്കേറ്റത്. ഇന്നലെ രാവിലെ കരിയന്നൂർ ബസ് സ്റ്റോപ്പിന് മുന്നിലാണ് അപകടമുണ്ടായത്. റോഡു മുറിച്ച് കടക്കുകയായിരുന്ന രാധയെ കുന്നംകുളം ഭാഗത്തുനിന്ന് വന്നിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തലയ്ക്കു പരിക്കേറ്റ രാധയെ എരുമപ്പെട്ടി ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.