കോർപറേഷൻ കെട്ടിടനികുതി വർധനവ് ഹൈക്കോടതി സ്റ്റേ ചെയ്തു
1339148
Friday, September 29, 2023 1:24 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കോർപറേഷൻ 2016 മുതൽ വർധിപ്പിച്ച വസ്തു നികുതി കേരള ഹൈക്കോടതി സ്റ്റേ ചെയ്തു. നികുതി വർധിപ്പിച്ച കോർപറേഷൻ നടപടിക്കെതിരെ ചില കെട്ടിട ഉടമകൾ ഫയൽ ചെയ്ത ഹർജിയിലാണു ഹൈക്കോടതി ഉത്തരവ്.
നികുതി വർധനവ് അന്യായവും കൊള്ളലാഭമുണ്ടാക്കാനുമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചതോടെ നിലവിൽ കോർപറേഷൻ വസൂലാക്കിക്കൊണ്ടിരിക്കുന്ന 2016 മുതൽ വർധിപ്പിച്ച കെട്ടിട നികുതിയും പിഴയും ഈടാക്കാൻ സാധിക്കില്ല. ഹൈക്കോടതി അഭിഭാഷകരായ എം.ആർ. ധനിൽ, സെനീറ്റ ജോജോ എന്നിവർ മുഖേനയാണ് പരാതിക്കാർ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.
പലിശയും പിഴപ്പലിശയും ചുമത്തരുതെന്ന് സർക്കാർ നിർദേശം മറികടന്നും കോർപറേഷൻ വർധിപ്പിച്ച കെട്ടിടനികുതി ഇൗടാക്കി വരികയായിരുന്നു. ഇതിനെതിരെ പരാതികളും പ്രതിഷേധവും ഉണ്ടായെങ്കിലും നികുതിപിരിവ് തുടരുകയായിരുന്നു.
2016 മുതലുള്ള കെട്ടിട നികുതി വിസ്തീർ ണം അനുസരിച്ച് ഇൗടാക്കാൻ 2019ൽ സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ ഇങ്ങനെ നികുതി ഇൗടാക്കിയാൽ തെരഞ്ഞെടുപ്പിൽ ദോഷമായി ബാധിക്കുമെന്ന കാരണത്താൽ അന്ന് ഇൗടാക്കിയില്ല. എന്നാലിപ്പോൾ നികുതി സ്വീകരിക്കുമ്പോൾ ആറു വർഷത്തെ വരെ അധിക നികുതിയും അതിന്റെ പലിശയും അടയ്ക്കാൻ ഉപഭോക്താക്കൾ നിർബന്ധിതരാകിയിരുന്നു. കോർപറേഷന്റെ അനാസ്ഥ ഉപഭോക്താക്കളുടെ തലയിൽ കെട്ടിവയ്ക്കുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. പിഴപ്പലിശ ഇൗടാക്കാനുള്ള കോർപറേഷൻ നടപടിക്കെതിരെ കൗൺസിലിലും പ്രതിഷേധം ഉയർന്നിരുന്നു.
വ്യാപാര ആവശ്യത്തിനുള്ള കെട്ടിടങ്ങൾക്ക് ലക്ഷക്കണക്കിനു രൂപയാണ് അധികനികുതി വന്നിരുന്നത്. പലർക്കും വീടുകൾക്കും വൻ തുക അധിക നികുതി അടയ്ക്കേണ്ടിവന്നു. ഭാരിച്ച അധികനികുതിയെ തുടർന്ന് ചിലർ കൗൺസിലർമാർക്കും മേയർക്കും നിവേദനം നൽകി കാ ത്തിരിക്കുനനതിനിടെയാണ് ആശ്വാസകരമായി ഹൈക്കോടതി സ്റ്റേ പുറപ്പെടുവിച്ചിരിക്കുന്നത്.